അഖില കേരള രാമായണമേളക്ക് നാളെ തിരിതെളിയും 

Saturday 03 August 2024 1:30 AM IST

മാന്നാർ: തൃക്കുരട്ടി മഹാദേവാസമിതിയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ചക്കാലം തൃക്കുരട്ടി മഹാദേവ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന 22-ാമത് അഖില കേരള രാമായണമേളക്ക് നാളെ തിരിതെളിയും. നാളെ രാവിലെ 10ന് എരുമേലി ആത്മബോധിനി ആശ്രമ മഠാധിപതി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രശസ്ത ക്യാൻസർരോഗ ചികിത്സാവിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് രാമായണത്തെ ആസ്പദമാക്കി സീനിയർതല മത്സരങ്ങൾ നടക്കും. 5 മുതൽ 9 വരെ തീയതികളിൽ വൈകിട്ട് നടക്കുന്ന പ്രഭാഷണപരമ്പരയിൽ അഡ്വ.ശങ്കു ടി.ദാസ്, അഡ്വ. പാലാ ജയസൂര്യൻ, പ്രൊഫ.ടി.ഗീത, യോഗാചാര്യ സജീവ് പഞ്ചകൈലാസി, വി.കെ. സുരേഷ്ബാബു കൂത്തുപറമ്പ്, ജ്യോതിസ് കെ.എസ്. വടക്കൻപറവൂർ എന്നിവർ വിവിധ ദിവസങ്ങളിൽ പ്രഭാഷണം നടത്തും. 10ന് രാവിലെ 8ന് രാമായണമേള മത്സരങ്ങളുടെ രജിസ്ട്രേഷൻ ആരംഭിക്കും.10,11 തീയതികളിൽ രാമായണത്തെ ആസ്പദമാക്കി കോളേജ്സ്‌കൂൾതല വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ നടക്കും. 11ന് വൈകിട്ട് 4.30ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും. സംഗീതസംവിധായകനും പിന്നണിഗായകനുമായ എം.ജയചന്ദ്രന് ഈ വർഷത്തെ രാമായണപുരസ്‌ക്കാരം പി.സി.വിഷ്ണുനാഥ് എം.എൽ.എ സമ്മാനിക്കും. ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ വിദ്യാലയത്തിനുള്ള എവർറോളിംഗ് ട്രോഫി വിതരണം ചലച്ചിത്ര താരം പ്രിയങ്കനായർ നിർവ്വഹിക്കും. മത്സരവിജയികൾക്ക് ദേവസ്വം ബോർഡ് മെമ്പർ അഡ്വ.എ. അജികുമാർ, സംഗീതസംവിധായകൻ എം.ജയചന്ദ്രൻ, പത്തനംതിട്ട ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ എൻ.ശ്രീധരശർമ്മ, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി, ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജി.ബൈജു, മാവേലിക്കര ദേവസ്വം എക്സി.എഞ്ചിനീയർ എസ്.വിജയമോഹൻ തുടങ്ങിയവർ സമ്മാനദാനം നിർവ്വഹിക്കും. രാമായണപ്രതിഭകൾക്കുള്ള സ്വർണ നാണയ വിതരണം പുളിമൂട്ടിൽ പി.എ.ഗണപതി ആചാരി നിർവ്വഹിക്കും. സേവാസമിതി ഭാരവാഹികളായ കലാധരൻ കൈലാസം, അനിരുദ്ധൻ ചിത്രാഭവനം, സുന്ദരേശൻപിള്ള ഉദയനാപുരം, സുജിത് പെരുവാങ്കുളത്ത് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.