കെ.സി. വേണുഗോപാൽ പി.എ.സി അദ്ധ്യക്ഷനാകും

Saturday 03 August 2024 4:18 AM IST

ന്യൂഡൽഹി: എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാൽ 18-ാം ലോക്‌സഭയുടെ പബ്ളിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) അദ്ധ്യക്ഷനാകും. കോൺഗ്രസിന്റെ ശുപാർശ സ്‌പീക്കർ ഒാം ബിർള അംഗീകരിച്ചു. ഉത്തരവ് ഉടനുണ്ടാകും. ജോൺ മത്തായി (1948-1949), സി.എം.സ്റ്റീഫൻ (1977-1978), പ്രൊഫ.കെ.വി. തോമസ് (2014-2016) എന്നിവർക്കുശേഷം ഈ പദവിയിലെത്തുന്ന നാലാമത്തെ മലയാളിയാണ്.

15 ലോക്‌സഭാംഗങ്ങളും ഏഴ് രാജ്യസഭാംഗങ്ങളും അടക്കം 22 എം.പിമാർ പി.എ.സിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ലോക്‌സഭാ എം.പിമാരിൽ 7 ബി.ജെ.പി, മൂന്ന് കോൺഗ്രസ്,​ തൃണമൂൽ, ഡി.എം.കെ, സമാജ്‌വാദി, ജനസേന, ടി.ഡി.പി ഒാരോ അംഗങ്ങളുമുണ്ട്. അദ്ധ്യക്ഷ സ്ഥാനം പ്രധാന പ്രതിപക്ഷ പാർട്ടിക്കാണ് നൽകുന്നത്.

കേന്ദ്രസർക്കാരിന്റെ വരവുചെലവ് കണക്ക് ഓഡിറ്റ് ചെയ്യുന്ന പാർലമെന്റ് സമിതിയാണ് പി.എ.സി. ടുജി സ്‌പെക്‌ട്രം, കോമൺവെൽത്ത് ഗെയിംസ് അഴിമതി, കൽക്കരി കുംഭകോണം തുടങ്ങിയവുമായി ബന്ധപ്പെട്ട് യു.പി.എ കാലത്തെ പി.എ.സി റിപ്പോർട്ടുകൾ വാർത്താപ്രാധാന്യം നേടിയിരുന്നു.

Advertisement
Advertisement