മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ സ്റ്റാൻഡ്ബൈ, ബഹിരാകാശ നിലയത്തിൽ പോകാൻ ശുഭാംശു ശുക്ല

Saturday 03 August 2024 12:34 AM IST

ബംഗളൂരു: ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല, മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ എന്നിവരെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യൻ യാത്രികരായി ഐ. എസ്. ആർ. ഒ ശുപാർശ ചെയ്‌തു. ശുഭാംശു ശുക്ലയാണ് പ്രധാന സഞ്ചാരി ( പ്രൈം മിഷൻ പൈലറ്റ്). ബാക്കപ്പ് എന്ന നിലയിലാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. ഇവരുടെ പരിശീലനം ഈ ആഴ്ച ആരംഭിക്കുമെന്ന് ഐ. എസ്. ആർ. ഒ അറിയിച്ചു..

ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യ - യു. എസ് സംയുക്ത ദൗത്യത്തിലേക്ക് നാഷണൽ മിഷൻ അസൈൻമെന്റ് ബോർഡ് ആണ് ഇരുവരെയും ശുപാർശ ചെയ്‌തത്. മൾട്ടിലാറ്ററൽ ക്രൂ ഓപ്പറേഷൻസ് പാനൽ ആണ് അന്തിമ അംഗീകാരം നൽകേണ്ടത്.

ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗൻയാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാലംഗ സംഘത്തിന്റെ ഭാഗമാണ് ശുക്ലയും പ്രശാന്തും.

ഇരുവരെയും ബഹിരാകാശ നിലയത്തിലേക്ക് അയയ്‌ക്കാൻ അമേരിക്കൻ ബഹിരാകാശ ഏജൻസി ആക്സിയോം സ്പേസുമായി ഐ. എസ്. ആർ. ഒയുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ കരാർ (സ്പേസ് ഫ്ലൈറ്റ് എഗ്രിമെന്റ് ) ഒപ്പിട്ടു.

ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ സഞ്ചാരികൾ ശാസ്‌ത്ര, സാങ്കേതിക പരീക്ഷണങ്ങൾ നടത്തുമെന്ന് ഐ. എസ്. ആർ. ഒ അറിയിച്ചു. ബഹിരാകാശ നിലയത്തിലെ അനുഭവസമ്പത്ത് ഗഗൻയാൻ ദൗത്യത്തിൽ പ്രയോജനപ്പെടും. ഐ. എസ്. ആർ. ഒയും നാസയും തമ്മിലുള്ള ബഹിരാകാശ സഹകരണവും ശക്തമാകും.

ആക്സിയോം സ്പേസ്

നാസ അംഗീകാരമുള്ള സ്വകാര്യ ബഹിരാകാശ ഏജൻസി.

ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ ദൗത്യമാണ് ആക്സിയോം നടത്തുന്നത്. നാസയുമായും സ്പേസ് എക്സുമായും സഹകരിച്ചാണ് ദൗത്യം. ആക്സിയോം സ്റ്റേഷൻ എന്ന പേരിൽ പുതിയ ബഹിരാകാശ നിലയത്തിന്റെ പണിപ്പുരയിലാണ് ഇവർ.