നെയ്യാറ്റിൻകര കാഞ്ഞിരംകുളത്തിന് സമീപം നിറുത്താതെ പോയ സ്കൂട്ടർ പിന്തുടർന്ന് പിടികൂടി, പരിശോധിച്ചവർ ഞെട്ടി

Saturday 03 August 2024 11:00 AM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര എക്സൈസ് ഒരു കോടി അറുപത്തിനാല് ലക്ഷത്തി ഇരുപത്തയ്യായിരം രൂപയുടെ കുഴൽപ്പണം പിടികൂടി. കാഞ്ഞിരംകുളത്തിന് സമീപം വച്ച് കൈ കാണിച്ചിട്ടും നിറുത്താതെ പോയ സ്കൂട്ടർ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം കണ്ടെടുത്തത്. മഹാരാഷ്ട്ര സ്വദേശികളായ യോഗേഷ് ഭാനുദാസ് ഗദ്ധാജെ, പ്രിവിൻ അർജുൻ സാവന്ത് എന്നിവരായിരുന്നു സ്‌കൂട്ടറിൽ ഉണ്ടായിരുന്നത്. തിരുവല്ലം ടോൾ പ്ലാസയിൽ വച്ചാണ് ഇവരെ പിടികൂടിയത്.

തിരുവനന്തപുരം IB യൂണിറ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ബിജുരാജ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ പാർട്ടിയും നെയ്യാറ്റിൻകര എക്സൈസ് റെയിഞ്ച് പാർട്ടിയും ചേർന്നാണ് പരിശോധന നടത്തിയത്. പ്രതികളും തൊണ്ടി മുതലും തുടർനടപടികൾക്കായി തിരുവല്ലം പൊലീസിന് കൈമാറി.

കാസർകോട് 34.56 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി

കാസർകോട് 34.56 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി അനധികൃതമായി കടത്തികൊണ്ടു വന്നതിന് രണ്ട് പേർ അറസ്റ്റിൽ. പനയാൽ കുന്നിച്ചി സ്വദേശി ഡേവിഡ് പ്രശാന്ത് എന്നയാൾ മൊയോളം സ്വദേശി ഉപേന്ദ്രന് മദ്യം കൈമാറുന്ന സമയത്താണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. ഉപേന്ദ്രൻ മുൻ അബ്‌കാരി കേസ് പ്രതിയാണ്. പ്രതി ഡേവിഡ് പ്രശാന്തിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീടിന് സമീപത്തായി ഒഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട സ്വിഫ്റ്റ് കാറിൽ നിന്നും രണ്ട് കെയ്സ് മദ്യം കൂടി കണ്ടെടുത്തു.

ഹോസ്ദുർഗ്ഗ് സർക്കിൾ ഓഫിസിലെ അസി: എക്സൈസ് ഇൻസ്പക്ടർ ( ഗ്രേഡ്) എം.രാജീവൻ്റ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ നിഷാദ്.പി, സിജു.കെ, സിജിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ റീന, CEO ഡ്രൈവർ ദിജിത്ത് എന്നിവർ ഉണ്ടായിരുന്നു.