വീണ്ടും റീമേക്കുമായി അക്ഷയ് കുമാർ; ജീത്തു ജോസഫ്, മോഹൻലാൽ ചിത്രത്തിൽ ഭാഗ്യപരീക്ഷണം

Saturday 03 August 2024 1:05 PM IST

മുംബയ്: ഭാഗ്യം പരീക്ഷിക്കാൻ വീണ്ടും റീമേക്കുമായി ബോളിവുഡ് താരം അക്ഷയ് കുമാർ. 2016ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ ചിത്രം 'പെർഫെക്‌ട് സ്ട്രേഞ്ചേഴ്‌സ്' ആണ് ഹിന്ദിയിൽ ഇറങ്ങുന്നത്. 'ഖേൽ ഖേൽ മേം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് മുദാസർ അസീസ് ആണ്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്.

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ട്വൽത്ത് മാനിലും സമാന കഥയായിരുന്നു. തപ്‌സി പന്നു, വാണി കപൂർ, അമ്മി വിർക്, ഫർദീൻ ഖാൻ, പ്രഗ്യ ജയ്‌സ്വാൾ, ആദിത്യ സീൽ എന്നിവരാണ് ഖേൽ ഖേൽ മേമിൽ അക്ഷയ് കുമാറിന് പുറമെയുള്ള പ്രധാന താരങ്ങൾ.

ദൃശ്യം2നുശേഷം ജീത്തു ജോസഫ്-മോഹൻലാൽ കോംബോയിൽ എത്തിയ ട്വൽത്ത് മാൻ 2022ലാണ് പുറത്തിറങ്ങിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരൂമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. മോഹൻലാലിനെക്കൂടാതെ അനുശ്രീ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, ശിവദ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. കെ ആര്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥ. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സൺ. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്.