ഏറ്റവും കൂടുതൽ പോക്സോ കേസ് മലപ്പുറത്ത്; ആറ് മാസത്തിനിടെ 241 കേസുകൾ
മലപ്പുറം: സംസ്ഥാനത്ത് ഈ വർഷം ജൂൺ വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലയായി മലപ്പുറം. ആറ് മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 241 പോക്‌സോ കേസുകളെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കാണിത്. ജനുവരി - 43, ഫെബ്രുവരി - 39, മാർച്ച് - 40, ഏപ്രിൽ - 35, മേയ് - 46, ജൂൺ - 38 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2,180 പോക്സോ കേസുകളാണ് സംസ്ഥാനത്ത് ഈ വർഷം ജൂൺ വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം 499 പോക്‌സോ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 526, 462 എന്നിങ്ങനെയായിരുന്നു. അയൽവാസികളിൽ നിന്നും ബന്ധുക്കളിൽ നിന്നും നേരിടുന്ന അതിക്രമം, പ്രണയബന്ധങ്ങളിൽ അകപ്പെട്ട് സംഭവിക്കുന്ന ലൈംഗികാതിക്രമം, പ്രകൃതിവിരുദ്ധ പീഡനം എന്നിവയാണ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
പോക്‌സോ കേസുകളെ സംബന്ധിച്ച് കുട്ടികളിലും രക്ഷിതാക്കളിലും അവബോധം വർദ്ധിച്ചത് കാരണം കേസ് നൽകാൻ മടിക്കുന്ന പ്രവണതയിൽ കുറവ് വന്നിട്ടുണ്ട്. മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ജനസംഖ്യയുള്ളതാണ് കേസുകളുടെ എണ്ണത്തിൽ മലപ്പുറം മുന്നിലാവാൻ കാരണമെന്ന് അധികൃതർ പറയുന്നു.
ഒത്തുതീർപ്പിന് വ്യഗ്രത
പോക്‌സോ കേസുകളിലെ വിചാരണ നീണ്ടുപോകുന്നത് കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. വിചാരണയ്ക്ക് അതിവേഗ പോക്സോ കോടതികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഏറെക്കാലമായി കെട്ടിക്കിടക്കുന്ന കേസുകൾ പോലും ഇനിയും തീർപ്പാക്കാനുണ്ട്. വിചാരണാ നടപടികൾ നീളുന്നതിനാൽ പല ഇരകളായ കുട്ടികളും വിവാഹം കഴിഞ്ഞ് പോകുന്നുണ്ട്. ഇതോടെ കേസുമായി മുന്നോട്ട് പോകാൻ അധികപേരും താൽപര്യപ്പെടുന്നില്ല.
ജില്ലയിൽ 2021 മുതൽ 2024 ജൂൺ വരെയുള്ള പോക്സോ കേസുകളുടെ എണ്ണം
2021 - 462 2022 - 526 2023 - 499 2024 - 241