ജീവനൊടുക്കാൻ മുന്നിലേക്ക് ചാടി;ട്രെയിൻ നിർത്തി യുവാവിന്റെ ജീവൻ രക്ഷിച്ച് ലോക്കോ പൈലറ്റ്

Saturday 03 August 2024 10:54 PM IST

യുവാവിനെ പാളത്തിൽ നിന്ന് മാറ്റിയത് ചെറുവത്തൂർ അക്ഷര ഫാസ് പ്രവർത്തകർ

ചെറുവത്തൂർ: വൃക്ക സംബന്ധമായ രോഗം ബാധിച്ചതിനെ തുടർന്നുള്ള ചികിത്സാചിലവും ജീവിതപ്രയാസവും കൊണ്ട് ആത്മഹത്യക്കൊരുങ്ങിയ 21കാരന് ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടി. വലിയപറമ്പ് പഞ്ചായത്തിൽ മാവിലാകടപ്പുറം പന്ത്രണ്ടിലെ 21 കാരനാണ് ചെറുവത്തൂർ റെയിൽവേസ്റ്റേഷന് തെക്കുഭാഗത്ത് ഇന്നലെ വൈകുന്നേരം ചണ്ഡീഗഡ് കേരള സമ്പർക്ക ക്രാന്തി എക്സ്പ്രസിന് മുന്നിലേക്ക് ചാടിയത്.

വേഗത കുറച്ചിരുന്നതിനാൽ യുവാവിന്റെ തൊട്ടടുത്ത് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുകയായിരുന്നു. സംഭവം നടക്കുന്നതിന് തൊട്ടടുത്ത് ചെറുവത്തൂർ അക്ഷര ഫാസ് ഓഫീസിൽ യോഗം നടക്കുകയായിരുന്നു . ട്രെയിൻ നിർത്തിയ ലോക്കോ പൈലറ്റ് ഫാസ് പ്രവർത്തകരെ വിളിച്ചുവരുത്തി. ട്രെയിനിൻ നിന്നുള്ള വിളികേട്ട് എം.പി ജയരാജ്‌, സജീവൻ മടിവയൽ, ഭാസ്ക്കരൻ, കുമാരൻ, രമേശൻ തുടങ്ങിയവർ ഓടിയെത്തി യുവാവിനെ പാളത്തിൽ നിന്ന് മാറ്റുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചന്തേര പൊലീസിന് യുവാവിനെ ഏൽപ്പിച്ചു. നിർത്തിയിട്ടും ട്രെയിനിൽ നിന്ന് ആരും പുറത്തിറങ്ങാതെ വന്നപ്പോഴായിരുന്നു ലോക്കോ പൈലറ്റ് ഫാസ് ഓഫീസിൽ കണ്ടവരെ വിളിച്ചത്. യുവാവിനെ ഫൈൻ ആർട്സ് പ്രവർത്തകർ രക്ഷിച്ച ശേഷമാണ് ട്രെയിൻ വിട്ടത്.

വൃക്കസംബന്ധമായ അസുഖം ബാധിച്ച് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പോയി ഡോക്ടറെ കണ്ടതിന് ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. പൊലീസ് ബന്ധുക്കളെ വിളിച്ചുവരുത്തി യുവാവിനെ ഏൽപ്പിച്ചാണ് സ്ഥലത്ത് നിന്ന് മടങ്ങിയത്.