മോദി അന്ന് പ്രഖ്യാപിച്ചു -പട്ടിക ഉപവിഭാഗങ്ങൾക്ക് സംവരണം

Sunday 04 August 2024 12:41 AM IST

ഹൈദരാബാദ്: പട്ടികജാതി വിഭാഗങ്ങളെ ഉപവിഭാഗങ്ങളാക്കി സംവരണ ക്വോട്ടയിൽ സബ് ക്വോട്ട അനുവദിക്കണമെന്ന ആവശ്യം പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് 2023 നവംബർ 11ന്. അന്ന് സെക്കന്തരാബാദിൽ നടന്ന മാഡിഗ സമൂഹത്തിന്റെ റാലിയിലായിരുന്നു മോദിയുടെ ഉറപ്പ്. 9 മാസത്തിന് ശേഷം സുപ്രീംകോടതിയുടെ ചരിത്ര വിധി- എസ്.ടി, എസ്.സി വിഭാഗങ്ങളിലെ ഉപവിഭാഗങ്ങൾക്കും സംവരണം നൽകാം. ഈ പശ്ചാത്തലിൽ വിധി പട്ടിക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്കിടിയൽ മോദിയുടെ ഇമേജ് വർദ്ധിക്കുന്നതിന് കാരണമാകും.

പട്ടികജാതി വിഭാഗത്തിൽ കാര്യമായ സാമൂഹ്യമായ മുന്നേറ്റമില്ലാത്ത സമുദായങ്ങളാണ് തങ്ങളെ ഉപവിഭാഗങ്ങളാക്കി പ്രത്യേക സംവരണം ആവശ്യപ്പെടുന്നത്. ആന്ധ്രയിലും, തെലങ്കാനയിലുമുള്ള മാഡിഗ എന്ന പട്ടികവിഭാഗക്കാർ അതീവ പിന്നാക്ക ജീവിതസാഹചര്യത്തിലാണ് കഴിയുന്നത്. മാഡ‌ിഗ ഉൾപ്പെടെ 59 പട്ടികജാതി ഉപവിഭാഗങ്ങളുണ്ട്. തമിഴ്നാട്ടിലെ ഇരുളർ വിഭാഗക്കാരും അതീവ പിന്നാക്കാവസ്ഥയിലുള്ള പട്ടിക വിഭാഗക്കാരാണ്.നിർദേശം നടപ്പാക്കിയാൽ ഇപ്പോഴത്തെ പട്ടികജാതി സംവരണ രീതി ആകെ മാറുമെന്നും ഉപ വിഭാഗത്തിൽപ്പെടാത്ത സമുദായങ്ങളുടെ പ്രതിഷേധം ഉയരുമെന്നും 2023 നവംബർ 13ന് കേരളകൗമുദി റിപ്പോർട്ടു ചെയ്തിരുന്നു.

ആശയം

ഉയർന്നത് 1975ൽ

1975ൽ ഉപ വിഭാഗവൽക്കരണം എന്ന ആശയം ഉയർന്നെങ്കിലും നിയമപരമായ പ്രശ്നങ്ങൾ കാരണം കേന്ദ്രസർക്കാ‌ർ അതിൽ നിന്ന് പിൻവാങ്ങിയിരുന്നു. പട്ടികജാതി സംവരണത്തിൽ ആനുപാതിക

ക്വോട്ടയ്ക്ക് മൂന്ന് പതിറ്റാണ്ടായി പോരാടുന്ന മാഡിഗ സമുദായത്തിന് നീതി കിട്ടാനും സുപ്രീംകോടതിയിൽ നിയമപോരാട്ടം തുടരാനും സമിതി രൂപീകരിക്കുമെന്നാണ് മോദി പറഞ്ഞത്.

തെലങ്കാനയിൽ പട്ടികജാതിക്കാരിൽ മാഡിഗയാണ് എണ്ണത്തിൽ കൂടുതലെങ്കിലും രണ്ടാമതുള്ള മാലാ സമുദായത്തിനാണ് സാമൂഹ്യ,​ സാമ്പത്തിക,​ രാഷ്‌ട്രീയ ഘടകങ്ങൾ കാരണം സംവരണാനുകൂല്യം കൂടുതലും കിട്ടുന്നത്. മാഡിഗയ്ക്ക് പട്ടിക ജാതി സംവരണത്തിൽ ജനസംഖ്യാനുപാതികമായ സബ് ക്വോട്ടയ്‌ക്കായി പോരാടാനാണ് മാഡിഗ റിസർവേഷൻ പോരാട്ട സമിതി (എം.ആർ. പി.എസ് )​ രൂപീകരിച്ചത്. അതിന്റെ ദേശീയ പ്രസിഡന്റായ മന്ദ കൃഷ്ണ മാഡിഗയ്‌ക്കൊപ്പമാണ് സെക്കന്തരാബാദിൽ മോദി അന്ന് വേദി പങ്കിട്ടത്.