മണിപ്പൂരിൽ സംഘർഷം: വെടിവയ്‌പ്,​ വീടിന് തീയിട്ടു

Sunday 04 August 2024 12:43 AM IST

ഇംഫാൽ: സമാധാനം പുനഃസ്ഥാപിക്കാൻ ജില്ലയിൽ മെയ്‌തി, ഹമർ വിഭാഗങ്ങൾ കരാറിൽ ഒപ്പുവച്ചതിന് പിന്നാലെ മണിപ്പൂരിലെ ജിരിബാമിൽ സംഘർഷം.

വെടിവയ്പ്പുണ്ടാവുകയും വീടുകൾ കത്തിക്കുകയും ചെയ്‌തു. ലാൽപാനി ഗ്രാമത്തിലെ ഉപേക്ഷിക്കപ്പെട്ട വീടുകളാണ് ആയുധങ്ങളുമായെത്തിയ ആൾക്കൂട്ടം കത്തിച്ചത്.നിരവധി തവണ ഗ്രാമത്തിന് നേരെ വെടിയുതിർത്തു. സുരക്ഷാസേന ഉടൻ സ്ഥലത്തെത്തി. അക്രമികൾക്കായി അന്വേഷണം ആരംഭിച്ചെന്ന് അധികൃതർ അറിയിച്ചു. അസീമിലെ സി.ആർ.പി.എഫ് കേന്ദ്രത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ മെയ്‌യി-ഹമർ വിഭാഗക്കാർ കഴിഞ്ഞ ദിവസം സമാധാന കരാറിൽ ഒപ്പിട്ടിരുന്നു. ജിരിബാം ജില്ലാ ഭരണകൂടത്തിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. താഡൗ, മിസോ,​ പൈറ്റെ വിഭാഗം പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കുമെന്നായിരുന്നു കരാറിന്റെ ഉള്ളടക്കം. മൂന്ന് പ്രധാന പ്രമേയങ്ങളാണ് യോഗത്തിൽ അംഗീകരിച്ചത്.

1.സാധാരണ നില കൊണ്ടുവരാനും വെടിവയ്പ്പും തീവയ്പ്പും തടയാനും ഇരുപക്ഷവും ശ്രമിക്കുക

2. സുരക്ഷാ സേനയുമായി സഹകരിക്കുക

3. നിയന്ത്രിതവും ഏകോപിതവുമായ നീക്കം

മണിപ്പൂരിൽ ഇംഫാൽ താഴ്‌വരയിൽ കുക്കി-മെയ്‌തി സംഘർഷത്തിൽ ഇതുവരെ 200ലേറെ പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർ പലായനം ചെയ്തു. സംഘർഷം താരതമ്യേന കുറവുള്ള മേഖലയാണ് ജിരിബാം.