ഉത്തരാഖണ്ഡ്, ഹിമാചൽ മഴക്കെടുതി: മരണം 23, രക്ഷാപ്രവർത്തനം ഊർജ്ജിതം

Sunday 04 August 2024 12:52 AM IST

ന്യൂഡൽഹി: മേഘവിസ്‌ഫോടനത്തെ തുടർന്ന് കനത്ത മഴ നാശം വിതച്ച ഉത്തരാഖണ്ഡിൽ 15ഉം ഹിമാചൽ പ്രദേശിൽ എട്ട് പേരും മരിച്ചു. നിരവധിപേരെ കാണാതായി. സൈന്യത്തിന്റെ സഹായത്തോടെ രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിടിച്ചിലിനെത്തുടർന്ന് പ്രധാന ഹൈവേകൾ തടസപ്പെട്ടതിനാൽ ഇരു സംസ്ഥാനങ്ങളിലും നിരവധി സ്ഥലങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ഹിമാചലിലെ രാംപൂർ സമേജ് ഗ്രാമത്തിൽ എട്ട് കുട്ടികളെ കാണാതായതായി.

ഉത്തരാഖണ്ഡിൽ കേദാർനാഥ്, തെഹ്‌രി, ചമോലി, ഡെറാഡൂൺ, ഹരിദ്വാർ ജില്ലകളിൽ മഴ നാശം വിതച്ചു. കേദാർനാഥിൽ നിന്ന് 7,234 തീർഥാടകരെ രക്ഷപ്പെടുത്തി. 800 തീർത്ഥാടകരെ രക്ഷിക്കാൻ വ്യോമസേനയുടെ ഹെലിക‌ോപ്‌ടറുകൾ എത്തിച്ചു. നിരവധി തീർത്ഥാടകരെ കാണാതായി. തെരച്ചിൽ തുടരുന്നു.

മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് ഡ്രോണുകൾ വിന്യസിച്ചു. നിരവധി പേർ കേദാർനാഥ്, ഭീംബലി, ഗൗരികുണ്ഡ് പോസ്റ്റുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. മേഘവിസ്ഫോടനത്തിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 712 വീടുകൾ ഭാഗികമായി തകർന്നു.

ഹിമാചൽ പ്രദേശിൽ കുളുവിലെ നിർമന്ദ്, സൈഞ്ച്, മലാന, മാണ്ഡിയിലെ പധാർ, സിംലയിലെ രാംപൂർ സബ്ഡിവിഷൻ എന്നിവിടങ്ങളിൽ മേഘവിസ്ഫോടനം പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായി. ആഗസ്റ്റ് ആറുവരെ മഴ തുടരുമെന്നാണ് പ്രവചനം.കുളുവിലെ ബാലാഡി ഗ്രാമത്തിൽ റോഡ്, വൈദ്യുതി, ജലവിതരണം തടസപ്പെട്ടു. റാംപൂർ മേഖലയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഉള്ളിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുന്നു. സമേജ് ഗ്രാമം പൂർണ്ണമായും തകർന്നു.

മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു കുടുംബങ്ങൾക്ക് 50,000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു, ഗ്യാസ്, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയ്‌ക്കൊപ്പം അടുത്ത മൂന്ന് മാസത്തേക്ക് 5,000 രൂപയും നൽകും. മാണ്ഡിക്കും പാണ്ഡോയ്ക്കും ഇടയിൽ മൂന്നിടങ്ങളിൽ മണ്ണിടിച്ചിലിനെ തുടർന്ന് ചണ്ഡീഗഢ്-മണാലി ദേശീയ പാത അടച്ചു. നിരവധി വാഹനങ്ങൾ കുടുങ്ങി.ചെറുവാഹനങ്ങൾ കടൗള, ഗോഹാർ വഴി തിരിച്ചുവിട്ടു. കുളു-മണാലി ഹൈവേയുടെ ഭാഗങ്ങൾ ഒലിച്ചുപോയി. ഹിമാചൽ റോഡ്‌സ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എച്ച്.ആർ.ടി.സി) ഇതുവഴിയുള്ള സർവീസ് നിർത്തി.

Advertisement
Advertisement