രാജ്ഭവനുകൾ ഭരണത്തിന്റെ നല്ല മാതൃകയാകണം : മോദി

Monday 05 August 2024 1:32 AM IST

ന്യൂഡൽഹി : രാജ്ഭവനുകൾ ഭരണത്തിന്റെ ഉത്തമ മാതൃകയാകണമെന്നും, ഇതിനായി ഗവർണർമാർ നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ രണ്ടുദിവസമായി നടന്ന ഗവർണർമാരുടെ സമ്മേളനത്തിന്റെ സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്ഭവനുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ജീവനക്കാർക്ക് തുടർച്ചയായ പരിശീലനം നൽകണം. രേഖകൾ ഡിജിറ്രൈസ് ചെയ്യുന്നതുൾപ്പെടെ ഗവർണർമാർ സാങ്കേതികവിദ്യകൾ കൂടുതലായി ഉപയോഗിക്കണം. രാജ്ഭവനുകൾ പ്രചോദനത്തിന്റെ സ്രോതസുകളാവണം. കാമ്പസുകൾ ലഹരിമുക്തമാക്കാൻ പൂർവവിദ്യാ‌ർത്ഥികളുടെ കൂട്ടായ്‌മകളുടെ സഹായത്തോടെ കാമ്പെയിനുകൾ സംഘടിപ്പിക്കണമെന്നും മോദി ആഹ്വാനം ചെയ്‌തു.

 'ജീവാമൃത്' ആകട്ടെ രാജ്ഭവനുകൾ

ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത് രാജ്ഭവനിൽ നടപ്പാക്കിയ ജൈവകൃഷി മറ്റു രാജ്ഭവനുകളും പിന്തുടരണമെന്ന് മോദി ആഹ്വാനം ചെയ്‌തു. ചാണകം സംസ്‌കരിച്ചുണ്ടാക്കുന്ന വളമായ 'ജീവാമൃത്' ആണ് ഗുജറാത്ത് രാജ്ഭവനിൽ ഉപയോഗിക്കുന്നത്.ഇത് മറ്റു രാജ്ഭവനുകൾ നടപ്പാക്കി ഭൂമി രാസവളമുക്തമാക്കണമെന്നും മോദി പറഞ്ഞു.

 സ്ത്രീ ശാക്തീകരണം മുഖ്യം

സ്ത്രീ ശാക്തീകരണത്തിന് മുഖ്യപരിഗണന നൽകണമെന്നും, ഗവർണർമാർ വനിതാ സംരംഭകരുമായും കൂട്ടായ്‌മകളുമായും കൂടിക്കാഴ്ച നടത്തി മാർഗനിർദ്ദേശങ്ങൾ നൽകണമെന്നും രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. രാജ്ഭവനുകൾ ജനങ്ങളെ ചേർത്തുപിടിക്കണം. അവരെ കൂടുതലായി കേൾക്കണം. രാജ്ഭവനുകളിൽ സാമൂഹ്യ - സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കണം. ക്ഷേമപദ്ധതികളുടെ പ്രയോജനം അർഹരായവടക്കി കിട്ടിയെന്ന് ഗവർണർമാർ ഉറപ്പാക്കണം. പട്ടികവിഭാഗത്തിന്റെ ഉന്നമനം പ്രോത്സാഹിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി. സമാപനചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ പങ്കെടുത്തു.