ബ്രിട്ടനല്ല, ശ്രീജേഷാണ് ഗ്രേറ്റ്; ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ
ക്വാർട്ടർ ഷൂട്ടൗട്ടിൽ ജയിപ്പിച്ചത് ശ്രീജേഷിന്റെ സേവുകൾ
പാരീസ് : ഗോൾ പോസ്റ്റിന് മുന്നിൽ സൂപ്പർ ഹീറോയായി മാറിയ മലയാളി ഗോളി പി.ആർ ശ്രീജേഷിന്റെ അൽഭുതകരമായ സേവുകളിലൂടെ പാരീസ് ഒളിമ്പിക്സ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ ടീം. ഇന്നലെ ഗ്രേറ്റ് ബ്രിട്ടനെതിരെ നടന്ന ക്വാർട്ടർ ഫൈനൽ നിശ്ചിത സമയത്ത് 1-1ന് സമനിലയിലായതോടെ ഷൂട്ടൗട്ടിൽ രണ്ട് പെനാൽറ്റി സ്ട്രോക്കുകൾ തട്ടിക്കളഞ്ഞ ശ്രീജേഷ് ഇന്ത്യയ്ക്ക് സമ്മാനിച്ചത് 4-2ന്റെ വിജയം. നിശ്ചിത സമയത്തും ശ്രീജേഷ് എണ്ണം പറഞ്ഞ നിരവധി സേവുകൾ നടത്തിയിരുന്നു. മുക്കാൽ മണിക്കൂറോളം പത്തുപേരുമായി കളിച്ചാണ് ഇന്ത്യ ബ്രിട്ടനെതിരെ അവിസ്മരണീയ വിജയം നേടിയത്.
സെമി നാളെ
അർജന്റീനയും ജർമ്മനിയും തമ്മിലുള്ള ക്വാർട്ടറിലെ ജേതാക്കളെയാണ് നാളെ നടക്കുന്ന സെമിയിൽ ഇന്ത്യ നേരിടേണ്ടത്. സെമിയിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് സ്വർണമോ വെള്ളിയോ നേടാൻ അവസരമൊരുങ്ങും. സെമിയിൽ തോറ്റാൽ വെങ്കലമെഡലിനായി മത്സരിക്കാം.
ലക്ഷ്യ ഇന്ന് വെങ്കലത്തിന്
ഇന്നലെ ബാഡ്മിന്റൺ സെമിയിൽ വിക്ടർ അക്സൽസനോട് തോറ്റ ഇന്ത്യൻ താരം ലക്ഷ്യ സെൻ ഇന്ന് വൈകിട്ട് ആറിന് വെങ്കലമെഡലിനായുള്ള മത്സരത്തിൽ മലേഷ്യയുടെ ലീ സി ജിയയെ നേരിടും.