മൊബൈൽടവറിന്റെ കേബിളും കോപ്പറും മോഷ്ടിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
മാള: മാള പള്ളിയുടെ കോംപ്ലക്‌സിൽ നിന്നും മൊബൈൽ ടവറിന്റെ കേബിളും കോപ്പറും മോഷ്ടിക്കാൻ ശ്രമിച്ച കല്ലേറ്റുംകര ചിറയത്ത് ജോജോ ജോസ് (39) എന്നയാളെ മാള പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ടവറിന്റെ കേബിൾ മോഷ്ടിക്കാൻ ശ്രമിച്ച ഇയാൾ ജീവനക്കാർ
പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ടിരുന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സമീപത്തെ സ്ഥാപനത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞു.
മാള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുചക്രവാഹനത്തിലെത്തിയ ഇയാൾ കേബിൾ സൂക്ഷിച്ചിരുന്ന സ്ഥലത്തെത്തി കേബിൾ ശേഖരിക്കുമ്പോൾ എറണാകുളത്തെ മൊബൈൽ ടവർ കമ്പനി ഓഫീസിൽ സന്ദേശം ലഭിച്ചു.
അഷ്ടമിച്ചിറ ഓഫീസിലെ ജീവനക്കാരനെ വിളിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തി. ടവറിന് സമീപമെത്തിയ പരിചയമില്ലാത്ത ഇയാളെ കാണുകയും ആരാണെന്ന് ചോദിച്ചപ്പോൾ ടെക്‌നീഷ്യനാണെന്നാണ് പറഞ്ഞത്. തുടർന്ന് ഐ.ഡി കാർഡ് ചോദിച്ചപ്പോൾ ജീവനക്കാരെ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവ് വന്ന ഇരുചക്രവാഹനം ഉപേക്ഷിച്ചാണ് പോയത്. വാഹന നമ്പറും സി.സി.ടി.വി ദൃശ്യങ്ങളും ആളെ പിടികൂടാൻ സഹായിച്ചു. കഴിഞ്ഞദിവസം മാളയിലെ വിവിധ പ്രദേശങ്ങളിലെ ദേവാലയങ്ങളിൽ മോഷണം നടന്നിരുന്നു.