ചില ഗവർണർമാർ അരുതാത്തത് ചെയ്യുന്നു : ജസ്റ്റിസ് നാഗരത്ന

Monday 05 August 2024 12:00 AM IST
ജസ്റ്റിസ് നാഗരത്ന

ന്യൂഡൽഹി : ഭരണഘടന പ്രകാരം ഉത്തരവാദിത്തമുള്ള കാര്യങ്ങൾ ചെയ്യുകയുമില്ല, അരുതാത്തത് ചെയ്യുകയുമാണ് ചില ഗവർണർമാരെന്ന് സുപ്രീംകോടതി ജഡ്‌ജി ബി.വി. നാഗരത്നയുടെ വിമർശനം.

അത്തരം വേഷമാണ് ചില ഗവർണർമാർ കെട്ടിയാടുന്നത്. ഇത് ദൗർഭാഗ്യകരമാണ്. ഗവർണമാർക്കെതിരെയുള്ള സുപ്രീംകോടതിയിലെ കേസുകൾ അവരുടെ ഭരണഘടനാ പദവിയുടെ ദുരന്തചിത്രമാണ് സൂചിപ്പിക്കുന്നതെന്നും നാഗരത്ന പറഞ്ഞു.

ബംഗളൂരുവിൽ നാഷണൽ ലാ സ്‌കൂൾ ഒഫ് ഇന്ത്യ യൂണിവേഴ്സിറ്റി (എൻ.എൽ.എസ്.ഐ.യു) സംഘടിപ്പിച്ച സെമിനാറിലാണ് പരാമർശങ്ങൾ. ഭരണഘടന സംബന്ധിച്ച് കോൺസ്റ്റിറ്ര്യൂവന്റ് അസംബ്ലിയിൽ ചർച്ച നടന്നപ്പോൾ സ്വാതന്ത്ര്യസമര സേനാനിയും അഭിഭാഷകയുമായ ജി. ദുർഗാബായ്, ഗവർണർമാരുടെ നിക്ഷ്പക്ഷത സംബന്ധിച്ച് നടത്തിയ പ്രസംഗവും ചൂണ്ടിക്കാട്ടി. ഗവർണർ കക്ഷിരാഷ്ട്രീയത്തിന് അതീതനായിരിക്കണമെന്നാണ് ദുർഗാബായ് പറഞ്ഞത്. ഫെഡറലിസത്തിന്റെ പ്രധാന്യവും നാഗരത്ന ഓർമ്മിപ്പിച്ചു. സംസ്ഥാനങ്ങളും സിവിൽ സൊസൈറ്റിയും ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കണം.

ഇക്കഴിഞ്ഞ മാർച്ചിൽ ഹൈദരാബാദിലെ നാഷണൽ അക്കാഡമി ഒഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് സംഘടിപ്പിച്ച സെമിനാറിലും ജസ്റ്റിസ് നാഗരത്ന ഗവർണർമാരെ വിമർശിച്ചിരുന്നു. ഗവർണർമാർ ഭരണഘടനപ്രകാരം പ്രവർത്തിക്കണമെന്നും ഗവർണർമാരോട് അത് ചെയ്യരുത്, ഇത് ചെയ്യണം എന്നൊക്കെ കോടതിക്ക് പറയേണ്ടി വരുന്നത് ലജ്ജാകരമാണെന്നും വിമർശിച്ചിരുന്നു.