ഛത്തീസ്ഗഢ് ഹൈക്കോടതി കുട്ടികളെ ശിക്ഷിക്കുന്നത് ക്രൂരത, മൗലികാവകാശ ലംഘനം

Monday 05 August 2024 1:17 AM IST

ആറാംക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ അദ്ധ്യാപികയുടെ ഹർജി തള്ളി

ന്യൂഡൽഹി : സ്‌കൂളുകളിൽ പഠനത്തിന്റെയും അച്ചടക്കത്തിന്റെയും പേരിൽ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ക്രൂരതയും മൗലികാവകാശ ലംഘനവുമാണെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. കുട്ടികളെ നന്നാക്കാൻ ശാരീരികമായി ശിക്ഷിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഭാഗമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ആറാംക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ പ്രേരണാക്കുറ്റം

ചുത്തപ്പെട്ട അദ്ധ്യാപികയുടെ ഹർജി തള്ളി കഴിഞ്ഞ മാസം 29നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എഫ്. ഐ. ആറും കുറ്റപത്രവും റദ്ദാക്കണമെന്നായിരുന്നു ഹർജി.കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ഭരണഘടനയിലെ അനുച്ഛേദം 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്. ജീവിക്കാനുള്ള അവകാശത്തിൽ അർത്ഥപൂർണമായ ജീവിതവും ഉൾക്കൊള്ളുന്നു. കുട്ടിയായതുകൊണ്ട് അവർ മുതിർന്നവരേക്കാൾ കുറഞ്ഞ മനുഷ്യരാവുന്നില്ല. അമൂല്യമായ ദേശീയസമ്പത്താണവർ. കുട്ടികളെ ആർദ്രതയോടെയും കരുതലോടെയും പരിപാലിക്കണം. ക്രൂരമായിട്ടല്ല കൈകാര്യം ചെയ്യേണ്ടതെന്നും ചീഫ് ജസ്റ്റിസ് രമേഷ് സിൻഹ, ജസ്റ്റിസ് രവീന്ദ്ര കുമാർ അഗ്രവാൾ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഛത്തീസ്ഗഢ് അംബികാപൂർ കാർമൽ കോൺവെന്റ് സ്‌കൂളിലെ അദ്ധ്യാപികയായ മേഴ്സി എന്ന സിസ്റ്റർ എലിസബത്ത് ജോസ് ( 43) ആണ് പ്രതി. വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പിൽ അദ്ധ്യാപികയുടെ പേര് എഴുതിയിരുന്നു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്‌ത് ആത്മഹത്യാപ്രേരണയ്‌ക്ക് കേസെടുക്കുകയായിരുന്നു.

വിദ്യാർത്ഥിനിയെ ശാസിക്കുക മാത്രമാണ് ചെയ്‌തതെന്ന് അദ്ധ്യാപികയുടെ അഭിഭാഷകൻ വാദിച്ചു. സാധാരണ അച്ചടക്ക നടപടിയായാണ് ഐ.ഡി കാർഡ് വാങ്ങിയത്. ആത്മഹത്യാ പ്രേരണ അദ്ധ്യാപികയുടെ ഉദ്ദേശ്യമല്ലായിരുന്നുവെന്ന് വാദിച്ചെങ്കിലും ഹൈക്കോടതി വഴങ്ങിയില്ല.

 സഹപാഠികൾ മൊഴി നൽകി

സിസ്റ്റർ എലിസബത്ത് ജോസിനെതിരെ കുട്ടികളുടെ മൊഴികൾ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളെ മാനസിക സംഘർഷത്തിലാക്കുന്ന തരത്തിൽ ക്രൂരമായാണ് അദ്ധ്യാപിക പെരുമാറിയതെന്നാണ് സഹപാഠികളുടെ മൊഴി.