വഞ്ചിയൂരിലെ വെടിവയ്പ്പ്; പ്രതിയായ വനിതാ ഡോക്‌ടറെ നാലുദിവസത്തെ കസ്റ്റഡിയിൽ വിട്ടു
തിരുവനന്തപുരം: കൊറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തി എൻ.എച്ച്.എം ഉദ്യോഗസ്ഥയെ വെടിവച്ച സംഭവത്തിൽ പ്രതിയായ വനിതാ ഡോക്‌ടറെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
പ്രതിയുമായി എറണാകുളത്തും കൊല്ലത്തും എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. വെടിവയ്ക്കാൻ ഉപയോഗിച്ച എയർഗൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനായും അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ക്വാർട്ടേഴ്സിൽ തോക്ക് സൂക്ഷിച്ചിട്ടുണ്ടെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് ക്വാർട്ടേഴ്സ് പൊലീസ് പൂട്ടി സീൽചെയ്തു. കസ്റ്റഡിയിൽ ലഭിക്കുന്ന പ്രതിയുമായി ക്വാർട്ടേഴ്സിലെത്തി തോക്ക് പിടിച്ചെടുക്കും. വെടിവയ്ക്കാനെത്തിയ കാറിന് വ്യാജ നമ്പർ പ്ലേറ്റുണ്ടാക്കിയ എറണാകുളത്തെ സ്ഥാപനത്തിലും പ്രതിയെ എത്തിച്ച് തെളിവെടുക്കുമെന്നാണ് വിവരം.
കഴിഞ്ഞദിവസം പ്രതിയെ കൊല്ലത്ത് ആയൂരിൽ എത്തിച്ച് വെടിവയ്പ്പിനെത്തിയ കാർ പിടിച്ചെടുത്തിരുന്നു. പ്രതിയുടെ ഭർതൃപിതാവിന്റെ കാർ, ഭർതൃവീട്ടിൽ നിന്നാണ് പിടിച്ചെടുത്തത്. ഇത് വഞ്ചിയൂർ സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലായ് 28നാണ് പടിഞ്ഞാറേകോട്ട ചെമ്പകശേരി പെരുന്താന്നി പോസ്റ്റ് ഓഫീസ് ലൈൻ പങ്കജിൽ ഷിനിക്ക് വെടിയേറ്റത്. കൊല്ലത്തെ മെഡിക്കൽ കോളേജിൽ പ്രതിയെ ഒന്നരമണിക്കൂർ ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.
ഷിനിയുടെ ഭർത്താവ് സുജിത്തുമായുള്ള ബന്ധത്തെക്കുറിച്ചും അയാളുടെ അവഗണന കാരണമുണ്ടായ മനപ്രയാസത്തെക്കുറിച്ചും പ്രതി പൊലീസിന് മൊഴി നൽകി. തനിക്കു നേരിട്ട യാതനയും പ്രയാസവും സുജിത്തിനെ അറിയിക്കാൻ ഷിനിയെ എയർഗണ്ണുപയോഗിച്ച് വെടിവയ്ക്കാൻ ഒരു വർഷത്തെ ആസൂത്രണമാണ് നടത്തിയതെന്നും കൊല്ലാൻ ഉദ്ദേശ്യമില്ലായിരുന്നെന്നും പ്രതി പറഞ്ഞു. സുജിത്തിനെത്തേടി ഒന്നരമാസം മുൻപ് മാലെദ്വീപിൽ പോയപ്പോൾ നേരിട്ട കടുത്ത അവഗണനയാണ് പദ്ധതി ഉടൻ നടപ്പാക്കാനുള്ള കാരണമെന്നും പ്രതി പറഞ്ഞിരുന്നു.