'മലയാള സിനിമയെന്നാല്‍ സെക്‌സ് സിനിമകള്‍ എന്നറിയപ്പെട്ടിരുന്നു, ഇപ്പോള്‍ അങ്ങനെയല്ല'

Monday 05 August 2024 8:23 PM IST
പ്രതീകാത്മക ചിത്രം

മുംബയ്: ഒരുകാലത്ത് മലയാള സിനിമയെന്നാല്‍ സെക്‌സ് സിനിമകളെന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ഗലാട്ട പ്ലസ് എന്ന മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിപ്പോയെന്നും മലയാള സിനിമയില്‍ നിന്ന് ലോകോത്തര നിലവാരമുള്ള സൃഷ്ടികള്‍ ഉണ്ടാകുന്നുണ്ടെന്നും അതുകൊണ്ടാണ് ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിജയവാഡയില്‍ എഞ്ചിനിയറിങ് പഠിച്ചിരുന്ന കാലത്ത് ഞങ്ങള്‍ മലയാള സിനിമ കണ്ടിരുന്നില്ല, മറ്റ് ഏത് ഭാഷാ സിനിമകളെക്കാളും അഡള്‍ട്ട് കണ്ടന്റ് അതില്‍ ഉണ്ടായിരുന്നു എന്നതാണ് കാരണം'' രാം ഗോപാല്‍ വര്‍മ്മ പറയുന്നു. താന്‍ പറഞ്ഞതിന്റെ അര്‍ത്ഥം അന്ന് മലയാളത്തില്‍ നല്ല കലാമൂല്യമുള്ള സിനിമകള്‍ ഉണ്ടായിട്ടില്ലെന്നല്ല, ഒരുപക്ഷേ കൂടുതലായി വിതരണക്കാര്‍ എത്തിച്ചിരുന്നത് അത്തരം ചിത്രങ്ങളായിരുന്നിരിക്കാം. ഇന്ന് സ്ഥിതി ആകെ മാറിപ്പോയിരിക്കുന്നു. നല്ല സിനിമകളും നല്ല താരങ്ങളും മലയാളത്തില്‍ നിന്ന് ഉണ്ടാകുന്നുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സിനിമയെ കുറിച്ചും അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കി. സിനിമ വ്യവസായം അതിവേഗംമാറിക്കൊണ്ടിരിക്കുകയാണ്. അടുത്ത ആറ് മാസത്തിനുള്ളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പ്രവചിക്കാന്‍ സാധിക്കില്ല, അപ്രതീക്ഷിതമായി സംഭവിച്ച തുടര്‍ച്ചയായ ഹിറ്റ് സിനിമകളാണ് ഇന്‍ഡസ്ട്രിയുടെ ഗതി മാറ്റിയതെന്ന് രാം ഗോപാല്‍ വര്‍മ്മ പറയുന്നു.

മലയാളത്തില്‍ ഈ വര്‍ഷം റിലീസ് ആയ ചില ചിത്രങ്ങളെ അദ്ദേഹം പേരെടുത്ത് പറഞ്ഞ് പുകഴ്ത്തുകയും ചെയ്തു. പ്രേമലു, ഗുരുവായൂര്‍ അമ്പലനടയില്‍, ഉള്ളൊഴുക്ക്, ഭ്രമയുഗം പോലുള്ള സിനിമകള്‍ വളരെ നല്ലതായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. കൊമേര്‍ഷ്യല്‍ സിനിമകളും ഡ്രാമ ടൈപ്പ് സിനിമകളും മലയാളത്തില്‍ നിന്ന് വരുന്നു. തീര്‍ച്ചയായും ഈ വര്‍ഷം മലയാള സിനിമ തിളങ്ങുന്നുവെന്ന കാര്യത്തില്‍ സംശയമില്ലെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.