മാലിന്യം: അപ്പാർട്ട്മെന്റുകൾക്കും സ്കൂളുകൾക്കും പിഴ ചുമത്തി
കാസർകോട്: പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അശാസ്ത്രീയമായി കൈകാര്യം ചെയ്തതിന് കാഞ്ഞങ്ങാട് ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂളിന് 5000 രൂപ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പിഴ ചുമത്തി. അജാനൂർ ഗ്രാമ പഞ്ചായത്തിലെ അപ്പാർട്ടുമെന്റുകളിലും കെട്ടിട സമുച്ചയങ്ങളിലും നടത്തിയ പരിശോധനകളിൽ വ്യാപകമായ ലംഘനങ്ങൾ കണ്ടെത്തി. ഇഖ്ബാൽ പരിസരത്തെ ക്വാർട്ടേഴ്‌സ്, അപ്പാർട്ട്മെന്റ്, കെട്ടിട ഉടമകൾക്ക് ഉറവിടമാലിന്യ സംസ്കരണ സംവിധാനം ഒരുക്കാത്തതിനും അജൈവമാലിന്യങ്ങൾ അശാസ്ത്രീയമായി കൈകാര്യം ചെയ്തതിനുമായി 5000 രൂപ വീതം തത്സമയ പിഴ നൽകിയിട്ടുണ്ട്.
പ്രധാന റോഡരികിൽ തന്നെയുള്ള ഹിബ കോംപ്ലക്സിൽ മാലിന്യ നിക്ഷേപത്തിനായി പ്രത്യേക സംവിധാനം ഒരുക്കി കത്തിക്കുകയും അതിലേക്ക് മറ്റുള്ളവരും മാലിന്യം നിക്ഷേപിക്കുകയും ചെയ്യുന്നത് കണ്ടെത്തിയതിനെ തുടർന്ന് ഉടമയ്ക്ക് 10000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. പരിശോധനയിൽ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് ലീഡർ മുഹമ്മദ് മദനി, സ്ക്വാഡ് അംഗങ്ങളായ ഫാസിൽ, അമിഷ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.