മുനിസിപ്പൽ കോർപ്പറേഷൻ നിയമനങ്ങൾ ആംആദ്മി സർക്കാരിന് തിരിച്ചടി

Tuesday 06 August 2024 2:18 AM IST

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ ലെഫ്‌റ്റനന്റ് ഗവർണർ വി.കെ. സക്‌സേന നേരിട്ടു നടത്തിയ നിയമനങ്ങൾ ശരിവച്ച് സുപ്രീംകോടതി. മുനിസിപ്പൽ ഭരണത്തിൽ വിദഗ്ദ്ധരെന്ന് ചൂണ്ടിക്കാട്ടി അൽഡർമെൻ എന്ന തസ്‌തികയിൽ പത്തു പേരെ നിയമിച്ച ലെഫ്‌റ്റനന്റ് ഗവർണറുടെ നടപടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്,ജസ്റ്റിസുമാരായ ജെ.ബി. പർദിവാല,പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചത്. നടപടി നിയമവിരുദ്ധമാണെന്നും,നിയമന നടപടി റദ്ദാക്കണമെന്നുമുള്ള ആംആദ്മി പാർട്ടി സർക്കാരിന്റെ ആവശ്യം തള്ളി. നിയമനങ്ങൾ നടത്താൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നിയമപ്രകാരം ലെഫ്.ഗവണർക്ക് അധികാരമുണ്ട്. പാർലമെന്റ് നൽകിയ നിയമപരമായ അധികാരമാണത്. എക്‌സിക്യുട്ടീവ് അധികാരമല്ല. അതിനാൽ നിയമപരമായ അധികാരം ഉപയോഗിക്കാൻ ലെഫ്. ഗവർണർക്ക് ഡൽഹി സർക്കാരിന്റെ ഉപദേശ നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസ് പി.എസ്. നരസിംഹ വ്യക്തമാക്കി. 2023 മേയ് 17ന് വാദം പൂർത്തിയാക്കിയ കേസിലാണ് ഇന്നലെ വിധി പറ‌ഞ്ഞത്.

ലെഫ്. ഗവർണർക്ക്

വിവേചാധികാരമുണ്ട്

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നിയമത്തിലെ വകുപ്പ് 3(3)(ബി)(1) പ്രകാരം,മുനിസിപ്പൽ ഭരണത്തിൽ വൈദഗ്ദ്ധ്യമുള്ള പത്തുപേരെ ലെഫ്. ഗവർണർക്ക് നേരിട്ട് നിയമിക്കാം.1993ൽ പാർലമെന്റിൽ കൊണ്ടുവന്ന നിയമഭേദഗതി പ്രകാരമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരുമായി കൂടിയാലോചിക്കാതെ,മന്ത്രിസഭയുടെ ഉപദേശനിർദ്ദേശങ്ങളില്ലാതെ ലെഫ്. ഗവർണർക്ക് നിയമനം നടത്താൻ കഴിയില്ലെന്ന വാദമാണ് കേജ്‌രിവാൾ സർക്കാർ ഉന്നയിച്ചത്. ബി.ജെ.പി പ്രവർത്തകരെയാണ് അൽഡർമെൻ പദവിയിൽ നിയമിച്ചതെന്നും അറിയിച്ചു. ഡൽഹിയുടെ പ്രത്യേകാധികാരവുമായി ബന്ധപ്പെട്ട് 19991ലെ ഭരണഘടനാ ഭേദഗതിയിലൂടെ അനുച്ഛേദം 239എഎ വന്നശേഷം ഇതാദ്യമായാണ് സംസ്ഥാന സർക്കാരിനെ സമ്പൂർണമായി മറികടന്ന് നിയമനങ്ങൾ ലെഫ്. ഗവർണർ നടത്തിയത്. എന്നാൽ,ഈ വാദമുഖങ്ങൾ സുപ്രീംകോടതി നിരസിച്ചു. വിധി ഇന്ത്യൻ ജനാധിപത്യത്തിനേറ്റ വൻപ്രഹരമെന്ന് ആംആദ്മി പാർട്ടി പ്രതികരിച്ചു. ബി.ജെ.പി സ്വാഗതം ചെയ്‌തു.