പെൺസുഹൃത്തിന്റെ പേരിൽ തർക്കം; യുവാവിനെ കൊന്ന് സ്യൂട്ട്‌കേസിലാക്കി, ഭിന്നശേഷിക്കാർ പിടിയിൽ

Tuesday 06 August 2024 12:47 PM IST

മുംബയ്: സ്യൂട്ട്‌കേസിൽ മൃതദേഹവുമായി റെയിൽവേ സ്റ്റേഷനിലെത്തിയ രണ്ടുപേർ അറസ്റ്റിൽ. മുംബയ് ദാദർ റെയിൽവേ സ്റ്റേഷനിൽ ജയ് പ്രവീൺ ചാവ്‌ദ, കൂട്ടാളി ശിവ്‌ജീത് സുരേന്ദ്ര സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ റെയിൽവേ സ്റ്റേഷനിൽ വച്ചും രക്ഷപ്പെടാൻ ശ്രമിച്ച രണ്ടാമത്തെ ആളെ ഉൽഹാസ്‌നഗറിൽ വച്ചുമാണ് പൊലീസ് പിടികൂടിയത്.

കൊലപാതകത്തിന് ശേഷം പ്രതികൾ മൃതദേഹവുമായി ട്രെയിനിൽ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.തിങ്കളാഴ്‌ച രാവിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ ലഗേജ് പരിശോധനയ്‌ക്കിടെ ആണ് സ്യൂട്ട്‌കേസിൽ മൃതദേഹം കണ്ടെത്തിയത്.

പൈധോനി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യം നടന്നതെന്ന് പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്ന് വ്യക്തമായി. സാന്താക്രൂസിൽ താമസിക്കുന്ന അർഷാദ് അലി ഷെയ്‌ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. മുഖ്യപ്രതിയുടെ വീട്ടിൽ നടന്ന വിരുന്നിനിടെ പെൺസുഹൃത്തിന്റെ പേരിലുണ്ടായ തർക്കവും തുടർന്നുണ്ടായ കയ്യാങ്കളിയുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.

ഞായറാഴ്‌ച രാത്രിയായിരുന്നു കൊലപാതകം നടന്നത്. തുടർന്ന് മൃതദേഹം മറ്റൊരിടത്ത് മറവ് ചെയ്യാൻ പ്രതികൾ തീരുമാനിച്ചു. ഇതിനായാണ് മൃതദേഹം സ്യൂട്ട്‌കേസിലാക്കി റെയിൽവേ സ്റ്റേഷനിലെത്തിയത്. മൃതദേഹം മുഴുവനായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു. ദാദർ - സാവന്ത്‌വാദി തുതരി എക്‌സ്‌പ്രസിൽ കയറുകയായിരുന്നു ഇവരുടെ ലക്ഷ്യം.

പിടിയിലായവർക്കെതിരെ ദാദർ റെയിൽവേ പൊലീസ് കേസെടുത്തു. കൊല്ലപ്പെട്ടയാളും പ്രതികളും ഭിന്നശേഷിക്കാരാണ്. ഇവർക്ക് സംസാരിക്കാനും കേൾക്കാനും സാധിക്കില്ല. ആംഗ്യ ഭാഷാ വിദഗ്ദ്ധന്റെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ ചോദ്യം ചെയ്‌തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Advertisement
Advertisement