'പരാതികളിൽ കൂടുതലും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടവ'; പി സതീദേവി

Tuesday 06 August 2024 4:49 PM IST

തിരുവനന്തപുരം: വനിതാകമ്മിഷന്‍ അദാലത്തുകളില്‍ ലഭിക്കുന്ന പരാതികളില്‍ കൂടുതലും ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ പി സതീദേവി. വിവാഹ സമയത്ത് നല്‍കിയ ആഭരണങ്ങളും മറ്റ് വസ്തുവകകളും തിരികെ കിട്ടണമെന്ന ആവശ്യവുമായി അദാലത്തില്‍ എത്തുന്നവരുടെ എണ്ണവും കൂടിവരുന്നുണ്ട്.

കച്ചവട മനസ്ഥിതിയോടെ നടക്കുന്ന വിവാഹങ്ങളുടെ പരിണിത ഫലമാണ് ഈ സങ്കീര്‍ണാവസ്ഥയ്ക്ക് കാരണമെന്നും വനിതാകമ്മിഷന്‍ അദ്ധ്യക്ഷ പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ ഇന്നലെ ആരംഭിച്ച അദാലത്തിലെ ആദ്യദിന ഹിയറിംഗിന് ശേഷം സംസാരിക്കുകയായിരുന്നു പി സതീദേവി.


തൊഴിലിടങ്ങളിലെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പരാതികളും അദാലത്തിന്റെ പരിഗണയിലുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും പോഷ് നിയമപ്രകാരം രൂപീകരിച്ച ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും പരാതിയുണ്ട്. ഇവ നിയമപ്രകാരമല്ല പ്രവര്‍ത്തിക്കുന്നതെന്ന കാര്യം കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായും അദ്ധ്യക്ഷ പറഞ്ഞു.


കേരള വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ പി സതീദേവി, അംഗങ്ങളായ ഇന്ദിരാ രവീന്ദ്രന്‍, വി ആര്‍ മഹിളാമണി, പി കുഞ്ഞായിഷ, എലിസബത്ത് മാമ്മന്‍ മത്തായി, ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐപിഎസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് കുര്യന്‍, അഭിഭാഷകരായ സോണിയ സ്റ്റീഫന്‍, അശ്വതി, സൂര്യ, കൗണ്‍സിലര്‍ ശോഭ എന്നിവര്‍ അദാലത്തില്‍ പരാതികള്‍ കേട്ടു.


ആദ്യ ദിവസമായ ഇന്നലെ തിരുവനന്തപുരം നഗരത്തിലെ 150 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 65 പരാതികള്‍ പരിഹരിച്ചു. എട്ട് കേസുകളില്‍ റിപ്പോര്‍ട്ട് തേടുകയും മൂന്ന് കേസുകള്‍ കൗണ്‍സലിംഗിന് അയക്കുകയും ചെയ്തു. 74 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.

Advertisement
Advertisement