മോശം വസ്‌ത്രധാരണം, സഹതാരങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്നു, 20കാരി നീന്തൽതാരത്തെ ഒളിമ്പിക് വില്ലേജിൽ നിന്ന് പുറത്താക്കി

Tuesday 06 August 2024 8:57 PM IST

പാരീസ്: പരാഗ്വെയുടെ നീന്തൽ താരത്തെ അച്ചടക്കമില്ലാതെ പെരുമാറുന്നത് തുടർന്നതിന് ഒളിമ്പിക് വില്ലേജിൽ നിന്ന് പുറത്താക്കി. 20 വയസുകാരി ലുവാന അലോൺസോയ്‌ക്കെതിരെയാണ് പരാഗ്വെ ഒളിമ്പിക് കമ്മറ്റി കടുത്ത നടപടിയെടുത്തത്. ലുവാന പ്രകോപനപരമായ രീതിയിൽ വസ്‌ത്രധാരണം നടത്തുകയും മോശം പെരുമാറ്റം വഴി ഒളിമ്പിക്‌സിൽ മത്സരിക്കാനെത്തുന്ന സഹതാരങ്ങളുടെ ശ്രദ്ധ തെറ്റിക്കുകയും ചെയ്യുന്നതായി തെളിഞ്ഞതിനാലാണ് നടപടി. പരാഗ്വെയുടെ ഔദ്യോഗിക യൂണിഫോം ധരിക്കാൻ അലോൺസോ വലിയ താൽപര്യം കാണിച്ചില്ല.

പരാഗ്വെ ഒളിമ്പിക് കമ്മിറ്റി മേധാവി അറിയിച്ചതനുസരിച്ച് ലുവാനയുടെ സാന്നിദ്ധ്യം പരാഗ്വെ ടീമിൽ അനുചിതമായ ഒരന്തരീക്ഷം സൃഷ്‌ടിച്ചു. അത്‌ലറ്റിക് വില്ലേജിൽ രാത്രി അലോൺസോ ചെലവഴിക്കാതിരുന്നത് സ്വന്തം തീരുമാനപ്രകാരമാണ്. കമ്മിറ്റി തീരുമാനം അംഗീകരിച്ചതിന് അലോൺസോയോട് നന്ദി പറയുന്നു. രാത്രി സമയങ്ങളിൽ ഒളിമ്പിക് വില്ലേജിൽ സമയം ചെലവാക്കാതെ താരം പുറത്തുപോയി. പാരീസിലുള്ള ഡിസ്‌നി ലാൻഡ് കാണാനും ലുവാന പോയി.

അതേസമയം തന്നെ പുറത്താക്കിയിട്ടില്ലെന്നും ഒരിക്കലും തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്നും ലുവാന അലോൺസോ പ്രതികരിച്ചു. വനിതകളുടെ 100 മീറ്റർ ബട്ടർഫ്ളൈ ഹീറ്റ്സിൽ 0.24 സെക്കന്റ് വ്യത്യാസത്തിൽ സെമി ഫൈനൽ കാണാതെ താരം പുറത്തായിരുന്നു. ഇതോടെ താൻ വിരമിക്കുകയാണെന്നും ലുവാന അറിയിച്ചിരുന്നു. വിവരം ഇൻസ്‌റ്റഗ്രാമിലൂടെ താരം അറിയിക്കുകയായിരുന്നു. ഏഴ് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള പ്രശസ്‌ത ഇൻസ്‌റ്റഗ്രാം താരം കൂടിയാണ് ലുവാന.