ടിം വാൾസ്, ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി
വാഷിങ്ടൻ: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ടിം വാൾസിനെ പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പാർട്ടി.
യു.എസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസാണ് പ്രഖ്യാപിച്ചത്. നിലവിൽ മിനസോട്ട ഗവർണറാണ് 60 കാരനായ വാൾസ്. ഡെമോക്രാറ്റിക് ഗവർണേഴ്‌സ് അസോസിയേഷന്റെ ചെയർമാനാണ്. വാൾസും പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിറോയുമാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ അന്തിമ പട്ടികയിൽ ഇടം നേടിയിരുന്നത്. രാഷ്ട്രീയത്തിൽ പ്രവേശിക്കും മുമ്പ് ഹൈസ്കൂൾ അദ്ധ്യാപകനും ഫുട്ബാൾ പരിശീലകനുമായിരുന്നു. 24 വർഷം ആർമി നാഷനൽ ഗാർഡിലും സേവനമനുഷ്ഠിച്ചു. 2006ൽ ആദ്യമായി ഹൗസ് ഒഫ് റെപ്രസെന്റേറ്റീവ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2018ൽമിനിസോട്ട ഗവർണറായി. 2022ലും വിജയം ആവർത്തിച്ചു. കൊവിഡ് കാലത്തെ പ്രവർത്തനങ്ങൾ പ്രശംസിക്കപ്പെട്ടു. സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറി നിൽക്കണമെന്ന സമ്മർദ്ദമുണ്ടായപ്പോൾ നിലവിലെ പ്രസിഡന്റ് ബൈഡനൊപ്പം ഉറച്ചുനിന്നതിൽ പ്രധാനിയാണ് വാൾസ്. തീരുമാനത്തിൽ പിന്തുണയുമായി ബൈഡൻ രംഗത്തെത്തി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ജെ.ഡി വാൻസിനെയാണ് നേരിടുക.