170 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് പിടികൂടി

Tuesday 06 August 2024 11:40 PM IST

തളിപ്പറമ്പ്: ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ പൂവത്തെ എം.എച്ച്.ബി സ്റ്റോർസിൽ നിന്ന് 170 കിലോഗ്രാമിലേറെ ഒറ്റ തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളായ ഗാർബേജ് ബാഗ്, ക്യാരി ബാഗ്, തെർമോക്കോൾ പ്ലേറ്റ്, പ്ലാസ്റ്റിക് കോട്ടഡ് വാഴയില, പ്ലാസ്റ്റിക് സ്പൂൺ, പ്ലാസ്റ്റിക് പ്ലേറ്റ്, നിരോധിത പേപ്പർ കപ്പ്‌ എന്നിവ പിടികൂടി. 10,000 രൂപ പിഴ ചുമത്തി തുടർ നടപടികളെടുക്കാൻ സ്ക്വാഡ് പഞ്ചായത്തിന് നിർദ്ദേശം നൽകി. മാലിന്യങ്ങൾ കൂട്ടി ഇട്ടു കത്തിച്ചതിനു പൂവം മുസ്ലിം ജമാഅത്ത് പള്ളിക്ക് 5000 രൂപയും മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിട്ടതിന് പൂവത്ത് ഈസി ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിച്ചു വരുന്ന ഈസി ഷോപ്പി സെന്ററിന് 5000 രൂപയും ഹോട്ടൽ കിംഗ് ക്ലബിന് 3000 രൂപയും പിഴ ചുമത്തി. പരിശോധനയിൽ ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ പി.പി.അഷ്‌റഫ്‌, സ്‌ക്വാഡ് അംഗം അലൻ ബേബി, സി.കെ.ദിബിൽ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി.രമ്യ, ക്ലർക്ക് ടി.പ്രസീത എന്നിവർ പങ്കെടുത്തു.

Advertisement
Advertisement