ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം: ആശങ്ക അറിയിച്ച് സുപ്രീംകോടതി

Wednesday 07 August 2024 2:29 AM IST

ന്യൂഡൽഹി : രാജ്യത്തെ ജലാശയങ്ങളിലും നദീതീരങ്ങളിലും പ്ലാസ്റ്റിക് മാലിന്യം തള്ളുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. ഈ പ്രവൃത്തി ഗുരുതരമായ പരിസ്ഥിതി നാശത്തിന് ഇടയാക്കുന്നു. ജലജീവികളെയും ബാധിക്കുന്നുവെന്ന് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഉത്തരവാദപ്പെട്ട അധികാരികളിൽ നിന്ന് ജനങ്ങളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങളുണ്ടായില്ലെങ്കിൽ ഗംഗയിലെ ഉൾപ്പെടെ ജലത്തിന്റെ ഗുണമേന്മ ഉയർത്തൽ സ്വപ്‌നമായി അവശേഷിക്കും. പാട്ന നഗരത്തിന് സമീപത്തു കൂടിയൊഴുകുന്ന ഗംഗാനദിക്ക് സമീപമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കുന്നതിന്റെ പുരോഗതി പരിശോധിക്കുകയായിരുന്നു സുപ്രീംകോടതി. ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യവുമായി ബന്ധപ്പെട്ട് കോടതി ഉന്നയിച്ച ആശങ്കകൾക്ക് കേന്ദ്രസർക്കാരും ബീഹാർ സർക്കാരും മറുപടി സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു.