യാത്രക്കാരന്റെ തമാശകാരണം നെടുമ്പാശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകി; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

Wednesday 07 August 2024 8:20 AM IST

കൊച്ചി: യാത്രക്കാരന്റെ തമാശ കാരണം നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം രണ്ട് മണിക്കൂർ വൈകി. ഇന്ന് പുലർച്ചെയാണ് സംഭവം. ലഗേജിൽ ബോംബുണ്ടെന്ന് യാത്രക്കാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്ത് തമാശയായി പറഞ്ഞതാണ് സംഭവവികാസങ്ങൾക്ക് കാരണം. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു.

തായ് എയർലൈൻസിൽ തായ്‌ലൻഡിലേയ്ക്ക് പോകാൻ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ആഫ്രിക്കയിലെ ബിസിനസുകാരൻ കൂടിയായ പ്രശാന്ത്. ഭാര്യയും മകനും ഉൾപ്പെടെ നാലുപേരായിരുന്നു പ്രശാന്തിന്റെ ഒപ്പമുണ്ടായിരുന്നത്. പരിശോധനയ്ക്കിടെ ബാഗിൽ എന്താണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചത് പ്രശാന്തിനെ പ്രകോപിപ്പിച്ചു. പിന്നാലെ ബാഗിൽ ബോംബ് ആണെന്ന് ഇയാൾ മറുപടി നൽകി. തുടർന്ന് പ്രശാന്തിന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും ബാഗുകൾ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് വിമാനം മണിക്കൂറുകൾ വൈകിയത്.

പുലർച്ചെ 2.10ന് പോകേണ്ടിയിരുന്ന വിമാനം 4.30നാണ് പുറപ്പെട്ടത്. പരിശോധനയിൽ സംശയാസ്‌പദമായ ഒന്നും കണ്ടെത്തിയില്ലെന്നാണ് വിവരം. ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചതിനാലാണ് ബാഗിൽ ബോംബ് ഉണ്ടെന്ന് തമാശ പറഞ്ഞതെന്നാണ് പ്രശാന്തിന്റെ വിശദീകരണം. പരിശോധനയ്ക്ക് ശേഷം വിമാനം യാത്ര പുറപ്പെട്ടെങ്കിലും പ്രശാന്തിന്റെ ഭാര്യയും മകനും യാത്ര തുടർന്നില്ല. തമാശ പറഞ്ഞതിനും യാത്രക്കാരുടെ യാത്ര തടസപ്പെടുത്തിയതിനും പ്രശാന്തിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തു.

Advertisement
Advertisement