ഷെയ്‌ഖ് ഹസീനയ്‌ക്കും മകനും കഴിഞ്ഞില്ലെങ്കിൽ മകൾ ഇറങ്ങും, ഇന്ത്യയുമായി അമ്മയേക്കാൾ ബന്ധമുള്ള സൈമ വസെദ്
ബംഗ്ലാദേശിൽ അഭ്യന്തര കലാപത്തെ തുടർന്ന് പ്രധാനമന്ത്രിപദം രാജിവച്ച ഷെയ്‌ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയതു മുതൽ ലോകം തിരയുന്നത് ഒരു മുഖമാണ്- ഹസീനയുടെ മകൾ സൈമ വസെദിന്റെ മുഖം! ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) തെക്കുകിഴക്കൻ ഏഷ്യ റീജിയണൽ ഡയറക്‌ടറായ സൈമ വാസെദ് ഡൽഹിയിലുണ്ട് എന്നതുതന്നെ കാരണം. 1975- ൽ സമാനമായ സാഹചര്യത്തിൽ പിതാവും അന്നത്തെ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുജിബുർ റഹ്മാൻ വധിക്കപ്പെട്ടപ്പോൾ ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേയിരുന്നു. എന്നാൽ, അന്നത്തേതു പോലെ ഇന്ത്യയിൽ താമസിച്ച് അവാമി ലീഗ് പാർട്ടിയുടെ തിരിച്ചുവരവിന് കരുനീക്കാൻ ഹസീനയ്‌ക്കു കഴിയുന്ന സാഹചര്യമല്ല ഇപ്പോൾ. സൈമ വാസെദിനെ ലോകം പ്രതീക്ഷയോടെ തിരയുന്നതും അതുകൊണ്ടാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സൈമ വസെദ് ലോകാരോഗ്യ സംഘടനയുടെ പദവിയേറ്റെടുത്ത് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ തുടങ്ങിയത്. സെപ്‌തംബറിൽ ഡൽഹിയിൽ ജി 20 ഉച്ചകോടിയിൽ, അന്ന് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയ്‌ക്കൊപ്പം യു.എസ് പ്രസിഡന്റ് ബൈഡൻ അടക്കം ലോകനേതാക്കളുമായുള്ള ചർച്ചയിൽ മകളും പങ്കെടുത്തിരുന്നു. ബാല്യത്തിൽ മാതാവിനൊപ്പം അഭയാർത്ഥിയായി കഴിഞ്ഞ നാൾ മുതൽ ഇന്ത്യയിലാണ് സൈമ പഠിച്ചതും വളർന്നതും. ഷെയ്ഖ് മുജിബുർ റഹ്മാന്റെയും ഹസീനയുടെയും രാഷ്‌ട്രീയ പാരമ്പര്യമുണ്ടായിട്ടും മനഃശാസ്ത്രജ്ഞയായി മാറി. ഓട്ടിസം അടക്കം നാഡീവൈകല്യങ്ങൾക്കുള്ള ചികിത്സാ മേഖലകളിലായിരുന്നു പ്രവർത്തനം.
ചാമ്പ്യൻ ഫോർ ഓട്ടിസം
ഓട്ടിസം ബാധിതരുടെ അവകാശങ്ങൾക്കായി അന്താരാഷ്‌ട്ര തലത്തിൽ സൈമ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധ നേടി. ലോകാരോഗ്യ സംഘടന തെക്കു കിഴക്കൻ ഏഷ്യയിലെ ഓട്ടിസം പ്രവർത്തനങ്ങളുടെ 'ചാമ്പ്യൻ ഫോർ ഓട്ടിസം" അംഗീകാരം നൽകി. യുകെ, യു.എസ്, കാനഡ, യു.എ.ഇ തുടങ്ങി നിരവധി രാജ്യങ്ങളിൽ ജോലി ചെയ്‌തു. 2012 മുതൽ ബംഗ്ളാദേശ് ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോർഡേഴ്‌സ് ദേശീയ ഉപദേശക സമിതി അദ്ധ്യക്ഷ. 2022 മുതൽ ബംഗബന്ധു ഷെയ്ഖ് മുജീബ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ഓട്ടിസം, മാനസികാരോഗ്യ തകരാറുകൾ എന്നിവയെക്കുറിച്ചുള്ള സാങ്കേതിക വിദഗ്ദ്ധയായും സൈമ പ്രവർത്തിക്കുന്നു. കൊവിഡ് മഹാമാരി അടക്കം പൊതുജനാരോഗ്യ വെല്ലുവിളികൾക്കെതിരെ നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയിലെ പദവി തേടിയെത്തിയതും.
ബംഗ്ളാദേശ് രാഷ്ട്രപിതാവിന്റെ ചെറുമകളായി ബംഗ്ലാദേശിൽ ജനിച്ചെങ്കിലും, ആദ്യകാല ഓർമ്മകൾ ഇന്ത്യയിലെ അഭയാർത്ഥി കാലവുമായി ബന്ധപ്പെട്ടാണെന്ന് സൈമ വസേദ് പറഞ്ഞിട്ടുണ്ട്. ഹൈസ്‌കൂൾ, കോളേജ് പഠനം ബംഗളൂരുവിലായിരുന്നു. ഉപരിപഠനം യു.എസിലെ ബാരി സർവകലാശാലയിൽ. ഇസ്ളാം മതവിശ്വാസിയാണെങ്കിലും ഇന്ത്യയിലെ ഹോളി, ദീപാവലി ആഘോഷങ്ങൾ തന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയെന്ന് അവർ പറഞ്ഞിട്ടുണ്ട്. എല്ലാ മതങ്ങളും സാംസ്കാരിക ആചാരങ്ങളും മനുഷ്യാനുഭവത്തിന്റെ ഭാഗമാണെന്ന വലിയ പാഠം ഇന്ത്യ നൽകിയെന്നും സൈമ പറയുന്നു. ഷെയ്ഖ് ഹസീനയുടെയും, ഭർത്താവും ആണവ ശാസ‌്‌ത്രജ്ഞനുമായിരുന്ന, അന്തരിച്ച എം.എ. വാസെദ് മിയയുടെയും രണ്ടുമക്കളിൽ ഇളയവളാണ് സൈമ വാസെദ്. ഭർത്താവ് ഖന്ദകർ മസ്‌റൂർ ഹൊസൈൻ അവാമി ലീഗ് നേതാവും മന്ത്രിയുമാണ്. നാലു മക്കൾ.
അമ്മയുടെ വഴിയേ മകൻ സജീബ്
സൈമ വഴിമാറി നടന്നപ്പോൾ സഹോദരൻ സജീബ് അഹമ്മദ് വാസേദ് കുടുംബത്തിന്റെ രാഷ്‌ട്രീയ പാരമ്പര്യം നിലനിറുത്തി അവാമി ലീഗിന്റെ ഉന്നത നേതാവായി മാറി. പ്രധാനമന്ത്രിയുടെ ഉപദേശകനുമായിരുന്നു. സജീബിനും സഹോദരിക്കെന്നതു പോലെ ഇന്ത്യ പ്രിയപ്പെട്ടതാണ്. മാതാവിനൊപ്പം കഴിഞ്ഞ അഭയാർത്ഥി കാലത്ത് സജീബ് പഠിച്ചത് നൈനിറ്റാളിലെ സെന്റ് ജോസഫ് കോളേജ്, തമിഴ്‌നാട്ടിലെ കൊടൈക്കനാൽ ഇന്റർനാഷണൽ സ്‌കൂൾ, ബാംഗ്ലൂർ യൂണിവേഴ്സിറ്റി (കമ്പ്യൂട്ടർ സയൻസ്) എന്നിവിടങ്ങളിൽ. ഐ.ടി വിദഗ്‌ദ്ധനായ സജീബ് ബംഗ്ളാദേശിലെ ഡിജിറ്റൽ പരിഷ്‌കാരങ്ങളുടെ സൂത്രധാരൻ കൂടിയാണ്.
2004-മുതൽ അവാമി ലീഗിലൂടെ ബംഗ്ളാദേശ് രാഷ്‌ട്രീയത്തിലും ഇടപെടൽ നടത്തുന്ന സജീബ് ഇപ്പോഴത്തെ സാഹചര്യത്തിൽ ധാക്കയിൽ തുടരുമോയെന്നു വ്യക്തമല്ല. അമേരിക്കക്കാരിയായ ഭാര്യ ക്രിസ്റ്റീൻ ആൻ ഓവർമറെയ്‌ക്കൊപ്പം വിർജീനയയിലേക്ക് താമസം മാറ്റാനുമിടയുണ്ട്. അവാമി ലീഗ് ഭരണത്തിലുള്ള സമയത്തു പോലും സജീബിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നു. മാതാവിന് ഇനിയൊരു തിരിച്ചുവരവ് സാദ്ധ്യമല്ലെന്ന് സജീബ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ പ്രായോഗിക രാഷ്‌ട്രീയത്തിന്റെ പക്വതയോടെ സാഹചര്യങ്ങളെ നേരിടാനായിരിക്കും സജീബ് ശ്രമിക്കുക. കരുത്തേകാൻ സഹോദരിയുമുണ്ട്. അഭയാർത്ഥിയായി ഹസീന നേരിട്ട കഷ്‌ടപ്പാടുകളിൽ നിന്ന് വ്യത്യസ്‌തമായി, ഒരു അന്താരാഷ്‌ട്ര സംഘടനയുടെ പ്രധാന പദവിയിലിരിക്കുന്നതിനാൽ സൈമ വസേദിന്റെ പ്രവർത്തനങ്ങൾക്ക് തടയിടാൻ എതിരാളികൾക്ക് ബുദ്ധിമുട്ടാകും. ഇരുവരും ചേർന്ന് മാതാവിനുണ്ടായ തിരിച്ചടിക്ക് പരിഹാരം കാണുമോയെന്നും അവാമി ലീഗിനെ തിരിച്ചു കൊണ്ടുവരുമോയെന്നും വരും നാളുകളിലറിയാം.