കാമുകിമാരുമായി ചാറ്റ് ചെയ്‌തത് ഇഷ്‌ടപ്പെട്ടില്ല, ആലപ്പുഴയിൽ അന്യസംസ്ഥാന തൊഴിലാളി സുഹൃത്തിനെ ശ്വാസംമുട്ടിച്ച് കൊന്നു

Wednesday 07 August 2024 3:26 PM IST

ആലപ്പുഴ: വള്ളിക്കുന്നം ഇഷ്‌ടിക ഫാക്‌ടറിയിൽ ജോലി ചെയ്‌തിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് അറസ്റ്റിൽ. പശ്ചിമ ബംഗാൾ ദക്ഷിണ ദിനജ്‌പൂർ ജില്ലയിലെ ബാഗിചാപൂർ നേന്ദ്ര വില്ലേജിൽ സോമയ് ഹസ്‌ദ (24)യെ ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടത്. വള്ളിക്കുന്നം പൊലീസാണ് പ്രതിയായ സനദൻ ടുഡു (22)വിനെ അറസ്റ്റ് ചെയ്‌തത്. പശ്ചിമ ബംഗാളിലെ ചാരുല്യ ലക്ഷ്‌മിതാല വില്ലേജ് സ്വദേശിയാണ് പ്രതി. ഇയാളെ കായംകുളം കോടതി റിമാന്‍ഡ് ചെയ്തു.

പ്രതിയുടെ കാമുകിമാരുമായി സോമയ് ഹസ്‌ദ സമൂഹമാദ്ധ്യമങ്ങളിൽ ചാറ്റിംഗ് നടത്തിയതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴുത്തിൽ കയർ മുറുക്കിയായിരുന്നു കൊലപാതകമെന്ന് വള്ളിക്കുന്നം എസ്‌എച്ച്‌ഒ ടി ബിനുകുമാർ വ്യക്തമാക്കി.

തീളീരാടി ആലുവിളയിൽ മോഹനന്റെ സിമന്റുകട്ട നിർമാണശാലയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടയാളും പ്രതിയും. അഞ്ച് ദിവസം മുമ്പാണ് ഇവർ ഇവിടെ ജോലിക്കെത്തിയത്. ഫാക്‌ടറിക്കുള്ളിലെ മുറിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സുഹൃത്തുക്കളായ ഇവർ മുമ്പ് ചിങ്ങവനത്തെ സിമന്റുകട്ട നിർമാണശാലയിലാണ് ജോലി ചെയ്‌തിരുന്നത്.

'സനദന്‍ ടുഡുവിന്റെ മൊബൈല്‍ ഫോണ്‍ രണ്ടാഴ്ച മുമ്പ് നഷ്ടപ്പെട്ടു. സോമയ് ഹസ്ദ തന്റെ ഫോണ്‍ സനദന്‍ ടുഡുവിനും നല്‍കിയിരുന്നു. ഇരുവരും സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത് ഈ ഫോണിലായിരുന്നു. സനദന് നാട്ടില്‍ ഒന്നിലധികം കാമുകിമാരുണ്ടായിരുന്നു. ഇവരോടെല്ലാം ഇയാള്‍ ചാറ്റ് ചെയ്യാറുണ്ട്. സോമയ് ഹസ്ദയും അവരോട് അതേ ഫോണില്‍ നിന്ന് ചാറ്റു ചെയ്യാന്‍ തുടങ്ങി. ഇത് മനസിലാക്കിയ സനദന്‍ ഒരാഴ്ച മുന്‍പ് സോമയ് ഹസ്ദയെ താക്കീത് ചെയ്തു. വിലക്കിയിട്ടും നിര്‍ത്താഞ്ഞത് ശത്രുതയ്ക്കു കാരണമായി.'

'ഞായറാഴ്ച ഇരുവരും അമിതമായി മദ്യപിച്ചു. രാത്രി പത്തരയോടെ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന സോമയ് ഹസ്ദയുടെ പിന്നിലൂടെ സനദനെത്തി കയര്‍ മുറുക്കി കൊല്ലുകയായിരുന്നു. പുലര്‍ച്ചെ രക്ഷപ്പെടാനായിരുന്നു ഉദ്ദേശിച്ചത്. പക്ഷേ, മദ്യലഹരിയില്‍ പ്രതി ഉറങ്ങിപ്പോയി. തിങ്കളാഴ്ച രാവിലെ അയല്‍വാസിയാണ് മൃതദേഹം കണ്ടത്' - പൊലീസ് പറഞ്ഞു.

Advertisement
Advertisement