കസ്‌റ്റമറുടെ മുഖത്ത് ബാർബറുടെ 'സ്‌പെഷ്യൽ' ഫേഷ്യൽ, വീഡിയോ വൈറലായതോടെ മുങ്ങി

Wednesday 07 August 2024 4:26 PM IST

ലക്‌നൗ: കസ്‌റ്റമറുടെ മുഖത്ത് തുപ്പൽ കൊണ്ട് മസാജ് ചെയ്‌ത് ബാർബർ. ഉത്തർ പ്രദേശിലെ കനൗജിലാണ് ഞെട്ടലും അറപ്പുമുളവാക്കുന്ന ഈ സംഭവമുണ്ടായത്. സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയിലൂടെയാണ് ബാർബറിന്റെ മോശം പ്രവർത്തി പുറത്തുവന്നത്.

ബാർബറായ യൂസഫ് ആണ് തന്റെ മുന്നിൽ മുഖം ഫേഷ്യൽ ചെയ്യാൻ ഇരുന്നയാളുടെ മുഖത്ത് മനഃപൂർവം തുപ്പൽ പുരട്ടിയത്. കണ്ണടച്ച് ഇരിക്കുന്നയാളുടെ മുഖത്ത് ആദ്യം ക്രീം പുരട്ടിയ ശേഷം തന്റെ ഇടത് കൈയിൽ യൂസഫ് തുപ്പി. പിന്നെ അത് കസ്‌റ്റമറുടെ മുഖത്ത് പുരട്ടിയ ഇതിനുശേഷം ക്യാമറയിൽ നോക്കി വിരൽ ഉയർത്തി തമ്പ്‌സ് അപ് കാണിക്കുകയും ചെയ്യും. ഇയാളുടെ മോശം പ്രവർത്തി അറിയാത്ത ഫേഷ്യൽ ചെയ്യപ്പെട്ടയാളും വിരലുയർത്തി കാട്ടുന്നുണ്ട്.

വീഡിയോ വൈറലായതോടെ വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ യൂസഫിനെതിരെ കടുത്ത പ്രതിഷേധവുമായി എത്തി. യൂസഫിനെതിരെ നടപടി വേണമെന്ന് അവർ പൊലീസിനോട് ആവശ്യപ്പെട്ടു. സംഭവം വൈറലായതോടെ യൂസഫ് മുങ്ങി. ഇയാളുടെ പ്രവർത്തി മോശം ഉദ്ദേശത്തോടെയാണ് എന്ന് എസ്.പി അമിത് കുമാർ പറഞ്ഞു.

ഇത് ആദ്യമായല്ല ഇത്തരത്തിലുള്ള മോശം പ്രവർത്തി പുറത്തുവരുന്നതെന്നും യൂസഫിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.