'എന്റെ മകന്റെ കല്യാണമാണ് എല്ലാവരും അടിച്ച് കയറി വാ'; റിയാസ് ഖാന്റെ മൂത്തമകൻ വിവാഹിതനാകുന്നു, വീഡിയോ

Wednesday 07 August 2024 4:55 PM IST

നടൻ റിയാസ് ഖാന്റെയും നടി ഉമാ റിയാസ് ഖാന്റെയും മൂത്ത മകൻ ഷാരിഖ് ഹസ്സൻ വിവാഹിതനാകുന്നു. മരിയ ജെന്നിഫറാണ് വധു. ഓഗസ്റ്റ് എട്ടിനാണ് വിവാഹം. വിവാഹ ഒരുക്കത്തിന്റെ വീഡിയോ റിയാസ് ഖാൻ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്. 'എല്ലാവരും അടിച്ച് കയറി വാ' എന്ന് ഹിറ്റ് ഡയലോഗ് ഹെെലെെറ്റ് ചെയ്ത റാപ്പ് ഗാനത്തിന്റെ പശ്ചത്താലത്തിൽ പങ്കുവച്ച ഹൽദി വീഡിയോ സോഷ്യൽ മീഡിയയിൽ വെെെറലാകുന്നുണ്ട്. ഡാൻസും പാട്ടുമായി ചടങ്ങ് ആഘോഷിക്കുന്ന കുടുംബത്തെ വീഡിയോയിൽ കാണാം.

വീഡിയോ വെെറലായതിന് പിന്നാലെ നിരവധി കമന്റും ലെെക്കും ലഭിക്കുന്നുണ്ട്. കല്യാണ ചെക്കനെക്കാൾ പൊളിയാണ് അച്ഛൻ റിയാസ് ഖാൻ എന്നാണ് പുറത്തുവന്ന വീഡിയോ കണ്ട് ആരാധകർ പറയുന്നത്. ഏറെക്കാലമായി ഷാരിഖും മരിയയും പ്രണയത്തിലായിരുന്നു. നടനും തമിഴ്‌ ബിഗ്‌ബോസ് താരവുമാണ് ഷാരിഖ്. നിലവിൽ ലോകേഷ് കുമാർ സംവിധാനം ചെയ്യുന്ന 'റിസോർട്ട്' എന്ന ചിത്രത്തിൽ അഭിനയിച്ച് വരുകയാണ്.

1992ലായിരുന്നു റിയാസ് ഖാനും ഉമയും വിവാഹിതരായത്. ഫോർട്ട് കൊച്ചിക്കാരനായ റിയാസ് ഖാൻ ചെന്നെെയിലാണ് പഠിച്ചത്. മലയാളത്തിനൊപ്പം തമിഴ് സിനിമാ മേഖലയിലും താരം സജീവമായിരുന്നു. തമിഴ് സംഗീത സംവിധായകൻ കമലേഷിന്റെയും നടി കമല കമലേഷിന്റെയും മകളാണ് ഉമ. റിയാസ് ഖാന്റെയും ഉമയുടെയും പ്രണയവിവാഹമാണ്. ഇവർക്ക് ഷാരിഖിനെ കൂടാതെ സമർഥ് എന്ന മകനുമുണ്ട്.