ഇംഗ്ളീഷിന്റെ പ്രാധാന്യം കുറയരുത്

Thursday 08 August 2024 2:55 AM IST

വിദ്യാഭ്യാസ പരിഷ്‌കരണത്തിനായി നിയോഗിക്കപ്പെടുന്ന കമ്മിറ്റികൾ സമർപ്പിക്കുന്ന റിപ്പോർട്ടുകളിലെ ശുപാർശകൾ പല കാരണങ്ങളാലും പൂർണമായി നടപ്പാക്കാറില്ല. പലപ്പോഴും അദ്ധ്യാപക സംഘടനകളുടെയും വിദ്യാർത്ഥി സംഘടനകളുടെയും മറ്റും എതിർപ്പുകൾ കണക്കിലെടുത്താണ് പല നല്ല ശുപാർശകളും നടപ്പാക്കാനാവാതെ പോകുന്നത്. എസ്.എസ്.എൽ.സി ജയിക്കാൻ ഓരോ വിഷയത്തിനും എഴുത്തുപരീക്ഷയിൽ 30 ശതമാനം മാർക്ക് നിർബന്ധമാക്കണമെന്ന ഖാദർ കമ്മിറ്റിയുടെ ശുപാർശ പഠന നിലവാരം ഉയർത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയുള്ളതാണ്. ഈ ശുപാർശ പോലും വെള്ളം ചേർത്താണ് സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്നത്. ഈ അദ്ധ്യയന വർഷം മുതൽ എട്ടാം ക്ളാസിലും അടുത്ത വർഷം മുതൽ എട്ട്, ഒൻപത് ക്ളാസുകളിലും ഈ പരിഷ്‌കാരം നടപ്പാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഇപ്പോഴത്തെ തീരുമാനം. നിലവിൽ എട്ടാം ക്ളാസിൽ പഠിക്കുന്നവർ പത്താം ക്ളാസിലെത്തുന്ന 2027-ലാകും 30 ശതമാനം മിനിമം മാർക്ക് നിർബന്ധമാകുന്നത്.

ഈയൊരു തീരുമാനം പോലും ഇനിയും മാറ്റപ്പെടുമോ എന്നതിനും യാതൊരു ഉറപ്പുമില്ല. അതേസമയം ഖാദർ കമ്മിറ്റിയുടെ മറ്റൊരു ശുപാർശയായ,​ പഠനമാദ്ധ്യമം ഇംഗ്ളീഷിൽ നിന്ന് മലയാളമാക്കണമെന്നത് നടപ്പാക്കിയാൽ വിദ്യാർത്ഥികളുടെ അന്യസംസ്ഥാനങ്ങളിലും വിദേശങ്ങളിലുമുള്ള ജോലിസാദ്ധ്യതയെ വരെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ തത്‌കാലം നടപ്പാക്കാതിരിക്കുന്നതാണ് ഉചിതം. ഇപ്പോൾത്തന്നെ നമ്മുടെ വിദ്യാർത്ഥികളിൽ ഒരു നേരിയ ശതമാനത്തിനു മാത്രമാണ് കേരളത്തിൽത്തന്നെ ജോലി കിട്ടാൻ സാദ്ധ്യതയുള്ളത്. പഠനം കഴിഞ്ഞ് ജോലി കണ്ടെത്താനും ജീവിക്കാനും ഇംഗ്ളീഷ് പരിജ്ഞാനം അത്യന്താപേക്ഷിതമാണ്. ക്യാമ്പസ് റിക്രൂട്ട്‌മെന്റിനെ കേരളത്തിലെ വിദ്യാർത്ഥികൾ ഭയക്കുന്നത്,​ ഇംഗ്ളീഷിൽ ആശയവിനിമയം നടത്താനുള്ള അവരുടെ കഴിവിനെയാണ്. കേരള സിലബസിൽ പഠിച്ച് പാസാകുന്ന വിദ്യാർത്ഥികളുടെ ഇംഗ്ളീഷ് സംസാരശേഷി ദയനീയമാംവിധം കുറവാണ്. ഇത് പരിഹരിക്കുന്ന രീതിയിൽ ഇംഗ്ളീഷ് പഠനത്തിനും സംസാരത്തിനും പ്രാധാന്യം നൽകുന്ന പഠന രീതിയാണ് അവലംബിക്കേണ്ടത്.

സംസ്‌കൃതം ശ്രേഷ്ഠഭാഷയാണ്. പക്ഷേ അതു മാത്രം പഠിച്ചാൽ മതിയെന്നു ശഠിച്ചാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ എത്ര കുട്ടികൾക്ക് എവിടെ ജോലി ലഭിക്കാനാണ്. ഓരോ കാലത്തും നിലനിൽക്കുന്ന ജോലി സാദ്ധ്യതകളുടെ സാഹചര്യത്തിന് പൊരുത്തപ്പെടുന്ന വിദ്യാഭ്യാസമാണ് കുട്ടികൾക്ക് നൽകേണ്ടത്. പഠനം കഴിഞ്ഞ് ഇന്റർവ്യൂകളും റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ ആശയവിനിമയങ്ങളും ഇംഗ്ളീഷിലാണ്. ഇ മെയിലിന്റെ ആവിർഭാവത്തോടെ ഇംഗ്ളീഷ് ഭാഷയുടെയും പ്രാധാന്യം പതിന്മടങ്ങ് കൂടുകയാണ് ഉണ്ടായത്. ഇംഗ്ളീഷ് ഇപ്പോൾ ഒരു ഗ്ളോബൽ ബിസിനസ് ലാംഗ്വേജ് ആയി മാറിയിട്ടുണ്ട് എന്നത് ആർക്കും നിഷേധിക്കാനാവില്ല. കേരളത്തിലെ കുട്ടികൾ പരീക്ഷയെഴുതുന്നത് ഇംഗ്ളീഷിലാണെങ്കിലും സംസാരിക്കുന്നതിൽ വ്യാകരണപ്പിശക് ഉണ്ടാകുമോ എന്ന ഭയം കാരണം പിറകോട്ടാണ്. ഇത് മാറ്റിയെടുക്കാൻ ഇംഗ്ളീഷ് സ്പോക്കൺ ക്ളാസ് പീരിയിഡുകൾ നിർബന്ധമാക്കുകയാണ് വേണ്ടത്.

അതുപോലെ തന്നെ,​ ഹയർ സെക്കൻഡറിയിലെ കോർ വിഷയങ്ങൾ നാലിൽ നിന്ന് മൂന്നാക്കി കുറയ്ക്കണമെന്നും ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് നടപ്പാക്കിയാൽ ദേശീയ മത്സര പരീക്ഷകളിൽ കേരള സിലബസ് വിദ്യാർത്ഥികൾ പിന്നാക്കം പോകുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. പ്ളസ് ടുവിനു ശേഷം നീറ്റ്, ജെ.ഇ.ഇ, കേന്ദ്ര സർവകലാശാലകൾ, ദേശീയ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവേശന പരീക്ഷയെഴുതുന്നവരാണ് മലയാളികൾ. വിഷയങ്ങളുടെ എണ്ണം കുറയ്ക്കുന്നത് മത്സരപ്പരീക്ഷകളിൽ കേരള സിലബസുകാരെ പിന്നിലാക്കുമെങ്കിൽ ഇതും നടപ്പാക്കുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കേണ്ടതാണ്. പൊതുവിദ്യാഭ്യാസത്തിന്റെ ആകർഷണീയതയും അക്കാഡമിക് നിലവാരവും വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കേണ്ടത്.

Advertisement
Advertisement