ആരോഗ്യ പരിരക്ഷയ്ക്ക് അന്യായ നികുതി

Thursday 08 August 2024 1:57 AM IST

ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയത്തിന് പതിനെട്ടു ശതമാനം ജി.എസ്.ടി ചുമത്തുന്ന വ്യവസ്ഥയ്ക്കെതിരെ പൊതുസമൂഹത്തിൽ നിന്ന് നേരത്തേ തന്നെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രശ്നം ഇപ്പോൾ പാർലമെന്റിലും ചർച്ചയായിരിക്കുകയാണ്. തികഞ്ഞ അനീതി എന്നു വിശേഷിപ്പിക്കാവുന്ന ഈ നികുതി പിരിവിനെതിരെ പ്രതിപക്ഷ എം.പിമാർ കഴിഞ്ഞ ദിവസം ലോക്‌സഭയിൽ ശക്തമായി പ്രതിഷേധിച്ചിരുന്നു. നികുതി ഭീകരത എന്നാണ് എം.പിമാർ ഇതിനെ വിശേഷിപ്പിച്ചത്. അഞ്ചും പത്തുമല്ല,​ പതിനെട്ടു ശതമാനമാണ് ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയത്തിന് ചുമത്തുന്ന ജി.എസ്.ടി. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾക്ക് നികുതിയിനത്തിൽ കേന്ദ്രം 21,​255 കോടി രൂപയാണ് ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുത്തത്. കഴിഞ്ഞ വർഷം മാത്രം 8262 കോടി രൂപ ഈയിനത്തിൽ ഖജനാവിലെത്തി. ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾക്ക് നികുതി ബാധകമാക്കരുതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ബഡ്‌ജറ്റ് ചർച്ചയ്ക്കിടെ ധനമന്ത്രി നിർമ്മല സീതാരാമൻ നിരാകരിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യാ സഖ്യത്തിൽപ്പെട്ട മെമ്പർമാർ ചൊവ്വാഴ്ച ലോക്‌സഭയിൽ നിന്ന് വാക്കൗട്ടും നടത്തിയിരുന്നു. രാജ്യസഭയിലും വിഷയം പരാമർശിക്കപ്പെട്ടു.

വിഷയം ജി.എസ്.ടി കൗൺസിലിന്റെ പരിധിയിൽപ്പെട്ടതാകയാൽ അവിടെ വേണം തീരുമാനമെടുക്കാൻ എന്നതാണ് ധനവകുപ്പിന്റെ നിലപാട്. ജി.എസ്.ടി കൗൺസിൽ കേന്ദ്രവും സംസ്ഥാനങ്ങളും ഉൾപ്പെട്ടതാണ്. അവിടെ പ്രശ്നം ഉന്നയിച്ച് പരിഹാരം തേടുകയാണ് അഭികാമ്യമെന്ന നിലപാടിൽ യുക്തിയുണ്ടെന്നു സമ്മതിക്കാമെങ്കിലും,​ ആരോഗ്യ പരിരക്ഷ സുപ്രധാന വിഷയമാകയാൽ കേന്ദ്രം ഇടപെടുന്നതിൽ അനൗചിത്യമൊന്നുമില്ലെന്നു പറയേണ്ടിവരും. ഭരണപക്ഷത്തുള്ളവർ പോലും ആരോഗ്യ ഇൻഷ്വറൻസിന് അമിതമായി നികുതി ഈടാക്കുന്നതിന് എതിരാണ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഉൾപ്പെടെയുള്ളവർ ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച കാര്യവും സ്‌മരണീയമാണ്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഇതേ അഭിപ്രായക്കാരിയാണ്. അവരും ധനമന്ത്രിക്ക് ഈ വിഷയത്തിൽ കത്തയച്ചിട്ടുണ്ട്.

ആരോഗ്യ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇൻഷ്വറൻസ് പദ്ധതികളുടെ പ്രധാന ലക്ഷ്യം. കാലം മാറിയതനുസരിച്ച് ആശുപത്രിവാസവും ചികിത്സാ ചെലവുകളും നേരിടാൻ ജനങ്ങളിൽ ഭൂരിപക്ഷത്തിനും ഇന്ന് സാധിക്കുന്നില്ല. ആരോഗ്യ ഇൻഷ്വറൻസ് പോളിസിയിലേക്ക് ജനങ്ങൾ വർദ്ധിച്ച തോതിൽ തിരിയാനുള്ള പ്രധാന കാരണവും ഇതാണ്. ചെലവുകൾ താങ്ങാനാവാതെ ഇൻഷ്വറൻസ് കമ്പനികളും അടിക്കടി ഇൻഷ്വറൻസ് തുക വർദ്ധിപ്പിക്കുന്നുണ്ട്. അതിനൊപ്പമാണ് പതിനെട്ടു ശതമാനം നിരക്കിൽ നികുതിയും. അത് പൂർണമായി എടുത്തുകളയാൻ പറ്റുന്നില്ലെങ്കിൽ നിരക്ക് ഗണ്യമായി കുറയ്ക്കാനെങ്കിലും ശ്രമിക്കേണ്ടതാണ്. എന്നാൽ കേന്ദ്ര ധനവകുപ്പ് ഒഴിഞ്ഞുമാറിയ സ്ഥിതിക്ക് ജി.എസ്.ടി കൗൺസിൽ വിഷയം ഗൗരവമായി പരിഗണിക്കണം. സംസ്ഥാനങ്ങൾക്കാണല്ലോ കൗൺസിലിൽ നിർണായക സ്ഥാനമുള്ളത്. അവർ ഒന്നിച്ചുനിന്ന് ആവശ്യപ്പെടുകയാണെങ്കിൽ ജി.എസ്.ടി നിരക്ക് എടുത്തുകളയുകയോ,​ കുറയ്ക്കാനെങ്കിലുമോ കഴിയുമെന്നു തീർച്ച.

രാജ്യത്തെ ജനസംഖ്യയിൽ ഇരുപതു ശതമാനത്തോളം മുതിർന്ന പൗരന്മാരുടെ ഗണത്തിലാണ്. എന്നാൽ അറുപതോ അറുപത്തഞ്ചോ കഴിഞ്ഞവർക്ക് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളിൽ ചേരാൻ സാധിക്കുന്നില്ല. ഇൻഷ്വറൻസ് കമ്പനികളുടെ നിയമം അതാണ്. ഈയടുത്ത കാലത്ത് ഈ നിബന്ധന മാറ്റിയെന്നു പറയുന്നുണ്ടെങ്കിലും പല കമ്പനികളും വൃദ്ധജനങ്ങൾക്ക് ആരോഗ്യ ഇൻഷ്വറൻസ് പോളിസി നൽകാൻ ഇനിയും തയ്യാറായിട്ടില്ല. അനുദിനം വർദ്ധിച്ചുവരുന്ന ചികിത്സാച്ചെലവ് താങ്ങാനാകാത്തതിനാൽ കഠിന രോഗങ്ങളുമായി കഴിയുന്നവർ വല്ലാത്ത ദുരിതത്തിലാണ്. സർക്കാർ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യമുള്ളതുകൊണ്ടാണ് പലരുടെയും ആയുസ്സ് നീട്ടിക്കിട്ടുന്നത്.

Advertisement
Advertisement