രാസലഹരിയിൽ മയങ്ങി കോഴിക്കോട്, കുതിച്ചുയർന്ന് കേസുകൾ

Thursday 08 August 2024 12:36 AM IST

കോഴിക്കോട്: ജില്ലയിൽ രാസലഹരി ഉപയോഗം കുതിച്ചുയരുന്നതായി കണക്കുകൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം പകുതിയായപ്പോഴേക്കും കേസുകളുടെ എണ്ണത്തിലും പിടികൂടിയ മയക്കുമരുന്നിന്റെ അളവിലും വലിയ വർദ്ധനവാണുള്ളത്. കഴിഞ്ഞ വർഷം 404 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഈ വർഷം പകുതിയായപ്പോഴേക്കും 213 കേസുകൾ രജിസ്റ്റർ ചെയ്തു. അതായത് ഈ വർഷം അവസാനിക്കാൻ ഇനിയും മാസങ്ങൾ ശേഷിക്കെയാണ് എണ്ണത്തിൽ ഇരട്ടി വർദ്ധന. 213 പേരെയാണ് അറസ്റ്ര് ചെയ്തത്. ഇവരിൽ നിന്നായി ഇതുവരെ 2014.366 ഗ്രാം (രണ്ട് കിലോ) മയക്കുമരുന്ന് പിടികൂടിയെന്നാണ് എക്‌സൈസിന്റെ കണക്ക്. ഇതിന് പൊതുവിപണിയിൽ രണ്ട് കോടിയോളംവരും. കഴിഞ്ഞ വർ‌ഷം 623.3 ഗ്രാമാണ് പിടികൂടിയത്. എം.ഡി.എം.എ, മെത്താംഫെറ്റാമൈൻ, എൽ.എസ്.ഡി, കൊക്കെയ്ൻ തുടങ്ങിയവയാണ് കൂടുതലും പിടികൂടുന്നത്. ലഹരി ഉപയോഗിച്ചുള്ള അക്രമങ്ങളും വർദ്ധിക്കുകയാണ്.

കൂടുതലും യുവാക്കൾക്കിടയിൽ

രാസലഹരി ഉപയോഗിക്കുന്നവരിൽ ഏറ്റവുംകൂടുതൽ യുവതീയുവാക്കളെന്നാണ് എക്സെെസ് ഉദ്യോഗസ്ഥർ പറയുന്നത്. കുട്ടികളിലും ഉപയോഗം കൂടുന്നുണ്ട്. പ്രധാന നഗരങ്ങളായ ബംഗളൂരു, ചെന്നൈ, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലെത്തുന്ന മയക്കു മരുന്നുകൾ ഏജന്റുമാർ വഴിയാണ് ആവശ്യക്കാരിലേക്കെത്തുന്നത്.

പരിശോധന ശക്തം

ലഹരിക്കെതിരെയുള്ള നടപടികൾ ശക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയുമധികം കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് എക്സെെസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതിർത്തിയിൽ കേരള എക്സൈസ് മൊബൈൽ യൂണിറ്റും പട്രോളിംഗും പരിശോധനയും ശക്തിപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ കോളേജ് പരിസരങ്ങളിലും ശക്തമായ നിരീക്ഷണമാണുള്ളത്. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാം- 0495 2372927

 കേസുകൾ 2023

അബ്കാരി - 1861

മയക്കുമരുന്ന് -404

പുകയില - 2437

@പിടിച്ചെടുത്തത്

കഞ്ചാവ്- 144.7 കിലോ

എം.ഡി.എം.എ- 623.3 ഗ്രാം

‌കഞ്ചാവ് ചെടി- 7

എൽ.എസ്.ഡി - 2.1ഗ്രാം

ആഷിഷ് - 822.82 ഗ്രാം

ബ്രൗൺഷുഗർ- 9.765 ഗ്രാം

2024 ൽ

കേസുകൾ

അബ്കാരി- 1137

മയക്കുമരുന്ന്- 207

പുകയില -1499

@ പിടിച്ചെടുത്തത്

കഞ്ചാവ്- 85.144 കിലോ

എം.ഡി.എം.എ- 2014.366 ഗ്രാം

മെത്താഫിറ്റമിൻ-9.945 ഗ്രാം

കൊക്കെയിൻ- 1.780 ഗ്രാം

Advertisement
Advertisement