പരിയാരത്ത് പിടിയിലായത് വൻ കഞ്ചാവ് കടത്ത് സംഘം, റിസോർട്ടുകളിൽ ചരക്ക് എത്തിക്കുന്നവരെന്ന് പോലീസ്

Thursday 08 August 2024 1:47 AM IST

പരിയാരം:പരിയാരത്ത് പിടിയിലായ അഞ്ചംഗ കഞ്ചാവ് കടത്തുസംഘം ജില്ലയിലെ റിസോർട്ടുകളിൽ കഞ്ചാവും മയക്കുമരുന്നും എത്തിക്കുന്നവരാണെന്ന് പൊലീസ്. തിങ്കളാഴ്ച്ച രാത്രി എട്ടരയോടെയാണ് 9.700 കിലോഗ്രാം കഞ്ചാവ് സഹിതം അലക്യം പാലത്തിന് സമീപത്തെ തമ്പിലൻ വീട്ടിൽ കാർലോസ് കുര്യാക്കോസ്(25), പിലാത്തറ പൊന്നാരം വീട്ടിൽ കെ.വി.അഭിജിത്ത് (24),ഏമ്പേറ്റ് കല്ലുവെട്ടാംകുഴിയിൽ വീട്ടിൽ കെ.ഷിബിൻ റോയ് (25), ശ്രീസ്ഥ കൊയിലേരിയൻ വീട്ടിൽ കെ.ഷിജിൻ ദാസ് (28), വിളയാങ്കോട് ഫെസ്റ്റൻ വില്ലയിൽ റോബിൻ റോഡ്സ് എന്ന ഷാംജി സജിത്ത് (27) എന്നിവർ പരിയാരം പൊലീസിന്റെ പിടിയിലായത്.

അലക്യംപാലം തട്ടിലെ വുഡ് ഗ്രീൻസ് റിസോർട്ടിന് പിറകിലെ ഗ്രൗണ്ടിന് സമീപത്ത് വച്ചാണ് ഇവർ പിടിയിലായത്. കണ്ണൂർ റൂറൽ പൊലീസ് മേധാവി എം.ഹേമലതയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് ടീമിനാണ് ഇത് സംബന്ധിച്ച രഹസ്യവിവരം ലഭിച്ചത്. ഇതനുസരിച്ച് പയ്യന്നൂർ ഡിവൈ.എസ്.പി കെ.വിനോദ്കുമാറിന്റെ നിർദ്ദേശപ്രകാരം പരിയാരം ഇൻസ്‌പെക്ടർ എം.പി.വിനേഷ്‌കുമാർ, എസ്.ഐ എൻ.പി.രാഘവൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും ഡാൻസാഫ്ടീമും സ്ഥലത്തെത്തിയാണ് ഇവരെ പിടികൂടിയത്. ബംഗളൂരുവിൽ നിന്നെത്തിച്ച കഞ്ചാവ് ചില്ലറ വിൽപ്പനക്കായി പാക്കറ്റുകളിലാക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവർ പിടിയാലായത്.

മാസങ്ങളായി നിരീക്ഷണത്തിൽ

ഡാൻസാഫ് ടീം മാസങ്ങളായി ഈ സംഘത്തെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. ബംഗളൂരുവിൽ നിന്ന് കഞ്ചാവും മറ്റ് മയക്കുമരുന്നുകളും എത്തിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ജില്ലയി പ്രതികളെ ചോദ്യം ചെയ്തപ്പോൾ കഞ്ചാവ് മയക്കുമരുന്നു കടത്തൽ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചതായും പൊലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement
Advertisement