ബംഗ്ലാദേശിൽ യൂനുസിന്റെ ഇടക്കാല സർക്കാർ ഇന്ന്

Thursday 08 August 2024 4:33 AM IST

ധാക്ക: സംവരണ വിരുദ്ധ പ്രക്ഷോഭത്തിൽ ആളിക്കത്തിയ ബംഗ്ലാദേശിൽ നോബൽ ജേതാവ് പ്രൊഫസർ മുഹമ്മദ് യൂനുസിന്റെ (84) നേതൃത്വത്തിൽ ഇടക്കാല സർക്കാർ ഇന്ന് അധികാരത്തിലേറും. രാത്രി 8ന് സത്യപ്രതിജ്ഞ നടക്കുമെന്ന് സൈനിക മേധാവി വക്കർ ഉസ് - സമാൻ അറിയിച്ചു.

'ചീഫ് അഡ്വൈസർ' എന്നാകും യൂനുസിന്റെ പദവി എന്നാണ് റിപ്പോർട്ട്. അഡ്വൈസറി കൗൺസിലിൽ 15 അംഗങ്ങളുണ്ടാകും. ഒളിമ്പിക്സുമായി ബന്ധപ്പെട്ട് പാരീസിലുള്ള യൂനുസ് ഇന്ന് ഉച്ചയക്ക് ധാക്കയിൽ എത്തും. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ, സൈനിക തലവൻമാർ, വിദ്യാർത്ഥി നേതാക്കൾ എന്നിവർ ചൊവ്വാഴ്ച രാത്രി നടത്തിയ ചർച്ചയിലാണ് യൂനുസിനെ ഇടക്കാല സർക്കാരിന്റെ തലവനാക്കാൻ തീരുമാനിച്ചത്. വിദ്യാർത്ഥികളുടെ ആവശ്യവും അതായിരുന്നു.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് ഇന്ത്യയിൽ അഭയം തേടിയതിന് പിന്നാലെയാണ് ഇടക്കാല സർക്കാരിന് വഴിയൊരുങ്ങിയത്. രാജ്യം പൂർവസ്ഥിതിയിലേക്ക് വന്നുതുടങ്ങിയെങ്കിലും ഇന്നലെയും പലയിടത്തും അക്രമങ്ങൾ നടന്നു. 20 ദിവസമായി അടഞ്ഞുകിടന്ന ജഹാംഗീർ നഗർ യൂണിവേഴ്സിറ്റി ഇന്നലെ ഭാഗികമായി തുറന്നു. ഞായറാഴ്ച പൂർണതോതിൽ പ്രവർത്തനം തുടങ്ങും.

പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബി.എൻ.പി) ഇന്നലെ നടത്തിയ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. സെൻട്രൽ ബാങ്കിലെ നാല് ഡെപ്യൂട്ടി ഗവർണർമാരെ അഴിമതിയെ തുടർന്ന് പുറത്താക്കി. 400ഓളം ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി.

 ജീവനക്കാരെ ഒഴിപ്പിച്ചു

ധാക്കയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് അത്യാവശ്യമല്ലാത്ത എല്ലാ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഒഴിപ്പിച്ചു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഹൈക്കമ്മിഷണർ അടക്കമുള്ള നയതന്ത്രജ്ഞർ രാജ്യത്ത് തുടരും.

Advertisement
Advertisement