യഹ്യാ സിൻവാറിനെ ഇല്ലാതാക്കുമെന്ന് ഇസ്രയേൽ

Thursday 08 August 2024 6:23 AM IST

ടെൽ അവീവ്: മാസിന്റെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ട യഹ്യാ സിൻവാറിനെ (61) ഉടനെ ഇല്ലാതാക്കുമെന്ന് ഇസ്രയേൽ. ഗാസ യുദ്ധത്തിന് കാരണമായ ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സിൻവാറാണ്. ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയേ ജൂലായ് 31ന് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിൻവാറിന് ചുമതല ലഭിച്ചത്. ഗാസയിലെ ഹമാസിന്റെ നേതൃസ്ഥാനമാണ് വഹിച്ചിരുന്നത്. കൊടുംഭീകരനായ സിൻവാറിനെ വേഗത്തിൽ ഇല്ലാതാക്കാനും ഹമാസിനെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കാനും മ​റ്റൊരു ശക്തമായ കാരണം കൂടി ലഭിച്ചെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഇസ്രയേലിന്റെ പ്രധാന ലക്ഷ്യം സിൻവാറിന്റെ വധമാണ്. ഹമാസിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ മജ്ദിന്റെ സ്ഥാപകനായ ഇയാളെ 2015ൽ യു.എസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. സിൻവാർ നിലവിൽ എവിടെയാണെന്ന് വ്യക്തമല്ലെങ്കിലും ഗാസ വിട്ടിട്ടില്ലെന്നാണ് വിവരം. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലും മറ്റും ഇയാൾ ഒളിവിലുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. സിൻവാറും കുടുംബാംഗങ്ങളും ഗാസയിലെ ഭൂഗർഭ ടണലിലൂടെ നടന്നുനീങ്ങുന്ന ദൃശ്യങ്ങളും ഇസ്രയേൽ സൈന്യം കണ്ടെത്തിയിരുന്നു. സിൻവാർ ഈജിപ്റ്റിലെ സിനായ് പ്രവിശ്യയിലേക്ക് കടന്നെന്ന് പ്രചാരണമുണ്ടായെങ്കിലും ഇസ്രയേൽ തള്ളി.

 മരണം 39,670

ഗാസയിൽ മരണം 39,670 കടന്നു. ഇസ്രയേൽ ആക്രമണങ്ങളിൽ കഴിഞ്ഞ ദിവസം 24 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു.

 ഒഴിയാതെ ഭീതി

മാസ് മുൻ തലവൻ ഇസ്‌മയിൽ ഹനിയേയെ വധിച്ചതിന് പ്രതികാരമായി ഇസ്രയേലിനെ ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പ് നിലനിൽക്കെ മേഖലയിൽ ആശങ്ക തുടരുന്നു. കൂടുതൽ റഡാർ, മിസൈൽ, ഡ്രോൺ സംവിധാനങ്ങൾ വിന്യസിച്ച് ഇറാൻ വ്യോമപ്രതിരോധം ശക്തമാക്കി.

ലെബനനിൽ നിന്ന് ഇറാൻ അനുകൂല ഹിസ്ബുള്ള ഗ്രൂപ്പ് ഇസ്രയേലിന് നേരെ ആക്രമണം കടുപ്പിച്ചു. തെക്കൻ ലെബനനിലെ ജൗവ്വയയിൽ ഇസ്രയേൽ ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു. ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലൂടെ ഇസ്രയേലി യുദ്ധ വിമാനങ്ങൾ താഴ്ന്ന് പറന്ന് ശക്തിപ്രകടനം നടത്തിയത് കഴിഞ്ഞ ദിവസം ആശങ്ക സൃഷ്ടിച്ചിരുന്നു.

ലെബനനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കുന്നത് യു.കെ അടക്കമുള്ള രാജ്യങ്ങളുടെ പരിഗണനയിലുണ്ട്. ഇതിനായി സൈന്യം സജ്ജമാണെന്ന് ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ഡേവിഡ് ലാമി അറിയിച്ചു.

Advertisement
Advertisement