കൊല്ലത്ത് വയോധികൻ കാറിടിച്ച് മരിച്ചത് അപകടമല്ല, കൊലപാതകം; പിന്നിൽ വനിതാ ബാങ്ക് മാനേജർ

Thursday 08 August 2024 10:03 AM IST

കൊല്ലം: ആശ്രാമത്ത് കാറിടിച്ച് സൈക്കിൾ യാത്രക്കാരനായ വയോധികൻ മരിച്ചത് കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജറായ സരിതയടക്കം അഞ്ചുപേർ പിടിയിലായിട്ടുണ്ട്. മരിച്ച പാപ്പച്ചന്റെ പേരിലുള്ള നിക്ഷേപത്തുക തട്ടിയെടുക്കാനായിരുന്നു കൊലപാതകം. സരിത ക്വട്ടേഷൻ നൽകിയ അനിമോനും കസ്റ്റഡിയിലാണ്.

കഴിഞ്ഞ മേയ് മാസം 26നാണ് ബിഎസ്‌എൻഎൽ മുൻ ഡിവിഷണൽ എഞ്ചിനീയറായ സി പാപ്പച്ചൻ മരിച്ചത്. നിക്ഷേപത്തുകയിൽ നിന്ന് സരിത 40 ലക്ഷം രൂപ തട്ടിയെടുത്തത് പാപ്പച്ചൻ ചോദ്യം ചെയ്‌തിരുന്നു. പ്രശ്‌നപരിഹാരത്തിനായി പാപ്പച്ചനെ വിളിച്ചുവരുത്തിയ ശേഷം കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പാപ്പച്ചന്റെ മരണം റോഡപകടമാണെന്ന നിഗമനത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് ഞെട്ടിക്കുന്ന വസ്‌തുതകൾ പുറത്തുവന്നത്.

വിരമിക്കൽ ആനുകൂല്യമായി കിട്ടിയ പണം സ്വകാര്യ ബാങ്കിൽ സ്ഥിരനിക്ഷേപമായി ഇട്ടിരുന്ന പാപ്പച്ചൻ ബാങ്കിലെ ജീവനക്കാരുമായി നല്ല ബന്ധത്തിലായിരുന്നു. അതിനാൽ,​ പാപ്പച്ചൻ കുടുംബവുമായി നല്ല ബന്ധത്തിലല്ല എന്ന വിവരം മാനേജർ ഉൾപ്പെടെയുള്ളവർക്ക് അറിയാമായിരുന്നു. പാപ്പച്ചൻ മരിച്ചാൽ പണം ചോദിച്ച് ആരും വരില്ലെന്ന് മനസിലാക്കിയാണ് സരിത കൊലപാതകം ആസൂത്രണം ചെയ്‌‌തത്.

അനിമോൻ വാടകയ്‌ക്കെടുത്ത കാർ പാപ്പച്ചൻ ഓടിച്ച സൈക്കിളിലേക്ക് ഇടിച്ച് കയറ്റിയാണ് അപകടം ഉണ്ടാക്കിയത്. ആശ്രാമം മൈതാനത്തിന് തൊട്ടടുത്ത ഇടവഴിയിലായിരുന്നു അപകടം. സ്ഥിരമായി സൈക്കിൾ മാത്രം ഉപയോഗിച്ചിരുന്ന ആളാണ് പാപ്പച്ചൻ.