ഒരു ദിവസം 24 മണിക്കൂറല്ല ഇനി 25 മണിക്കൂർ ആകും; ചന്ദ്രൻ ഭൂമിയിൽ നിന്ന് അകലുന്നു

Thursday 08 August 2024 1:39 PM IST

പണ്ടുമുതൽ നാം പഠിക്കുന്നതും കേൾക്കുന്നതുമെല്ലാം ഒരു ദിവസം 24 മണിക്കൂർ എന്നാണ്. ഇത് ഭാവിയിൽ മാറുമെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ? എന്നാൽ അത് സത്യമാണ്. അടുത്തിടെ ഇതിനെപ്പറ്റി നിരവധി പഠനങ്ങൾ നടന്നിരുന്നു. ചന്ദ്രൻ ഭൂമിയിൽ നിന്ന് അകന്നുപോകുന്നതാണ് ഇതിന് കാരണമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അങ്ങനെയാണെങ്കിൽ ഒരു ദിവസത്തിന്റെ ദെെർഘ്യം 25 മണിക്കൂർ ആകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

25 മണിക്കൂർ

വളരെ സാവധാനത്തിലാണെങ്കിലും ചന്ദ്രൻ ഭൂമിയിൽ നിന്ന് അകന്നുപോകുന്നുവെന്നും ഇത് ഒരു ദിവസത്തിന്റെ ദെെർഘ്യം വർദ്ധിപ്പിക്കുമെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. നിലവിൽ ഭൂമിയിൽ നിന്നുള്ള ചന്ദ്രന്റെ ശരാശരി ദൂരം 384,4000 കിലോമീറ്റ‌ർ (238,855 മെെൽ) ആണ്. ചന്ദ്രന് ഒരു ഭ്രമണപഥം പൂർത്തിയാകാൻ ഏകദേശം 27.3 ദിവസമെടുക്കണം.

വിസ്കോൺസിൽ - മാഡിസൺ സ‌ർവകലാശാലയിലെ ഗവേഷകർ ചന്ദ്രന്റെയും ഭൂമിയുടെയും ദൂരത്തെക്കുറിച്ച് പഠിക്കുന്നു. ഇതനുസരിച്ച് ചന്ദ്രൻ പ്രതിവർഷം ഭൂമിയിൽ നിന്ന് 3.82 സെന്റീമീറ്റർ അകലുന്നതായി കണ്ടെത്തി. പതുക്കെ പതുക്കെ ഇത് ദിവസങ്ങളുടെ ദെെർഘ്യവും വർദ്ധിപ്പിക്കുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഏകദേശം 200 ദശലക്ഷം വർഷത്തിനുള്ളിൽ ഒരു ദിവസം 25 മണിക്കൂർ ആയി മാറും.

ചരിത്രം

ഭൂമിയുടെ ചരിത്രം പരിശോധിച്ചാൽ ദിവസങ്ങൾക്ക് നീളം കൂടിക്കൊണ്ടിരിക്കുകയാണ്. ചന്ദ്രന്റെ അകൽച്ച നിലവിലെ കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കുന്നുണ്ടെന്ന് ശാസ്ത്രഞ്ജർ പറയുന്നു.

1.4 ബില്യൺ വർഷങ്ങൾക്ക് മുൻപ് ഭൂമിയിലെ ഒരു ദിവസം എന്നത് വെറും 19.5 മണിക്കൂർ മാത്രമായിരുന്നുവെന്ന് പഠനങ്ങൾ പറയുന്നു. 4.5 ശതകോടി വർഷങ്ങൾക്ക് മുൻപ് ചന്ദ്രൻ രൂപപ്പെട്ടപ്പോൾ ഭൂമിയിലെ ഒരു ദിവസത്തിന്റെ ദെെർഘ്യം ഭൂമി സ്വന്തം അച്ചുതണ്ടിൽ കറങ്ങാനെടുക്കുന്ന സമയം മാത്രമായിരുന്നു. വിരലിലെണ്ണാവുന്ന മണിക്കൂറുകൾ മാത്രമായിരിക്കാം അതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

അകൽച്ചയ്ക്ക് കാരണം

ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഗുരുത്വാകർഷൺ പ്രതിപ്രവർത്തനമാണ് ചന്ദ്രന്റെ അകൽ​ച്ചയ്ക്ക് കാരണമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ചന്ദ്രൻ അകന്നുപോകുമ്പോൾ ഭൂമിയുടെ ഭ്രമണം മന്ദഗതിയിലാക്കുമെന്നും വിസ്കോൺസിൽ - മാഡിസൺ സ‌ർവകലാശാലയിലെ ജിയോസയൻസ് പ്രൊഫസർ സ്റ്റീഫൻ മെയേഴ്സ് പറയുന്നു.

ചന്ദ്രന്റെ അന്തരീക്ഷം

ചന്ദ്രൻ ചുറ്റും ഒരു അന്തരീക്ഷമുണ്ട്. വളരെ ദുർബലമായ ഒന്ന്. 1970കളിലാണ് ഇത് കണ്ടെത്തുന്നത്. അവിടെത്തെ മണ്ണിൽ പൊട്ടാസ്യം,​ റൂബിഡിയം എന്നീ മൂലകങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചന്ദ്രന്റെ ഉപരിതലത്തിൽ പതിക്കുന്ന വലുതും ചെറുതുമായ ഉൽക്കാശിലകളുടെ സ്വാധീനം മൂലമാണ് ചന്ദ്രനിൽ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതെന്ന് ചില ഗവേഷകർ അഭിപ്രായപ്പെടുന്നു. ഭൂമിയുടെ കട്ടിയുള്ളതും സ്ഥിരതയുള്ളതുമായ അന്തരീക്ഷത്തിൽ നിന്ന് വളരെ വ്യത്യസ്തമായ അന്തരീക്ഷമാണ് ചന്ദ്രനിലുള്ളത്. ചന്ദ്രന്റെ അന്തരീക്ഷത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട പല ചോദ്യങ്ങൾക്ക് ഇതുവരെ ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഗവേഷകർ പറയുന്നു.

മറ്റ് ഘടകങ്ങൾ

ഭൂമിയുടെ അകക്കാമ്പ് ഉപരിതലത്തേക്കാൾ വളരെ സാവധാനമായാണ് കറങ്ങുന്നതെന്ന് അടുത്തിടെ സതേൺ കാലിഫോണിയ സ‌ർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. അകക്കാമ്പ് പതിറ്റാണ്ടുകൾക്ക്ശേഷം ആദ്യമായി ഉപരിതലത്തേക്കാൾ പതുക്കെ കറങ്ങുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അതിനാൽ ദിവസത്തിന്റെ ദെെർഘ്യം വർദ്ധിപ്പിക്കാം. ദിവസ ദെെർഘ്യത്തിൽ സെക്കന്റിന്റെ അംശത്തിൽ മാറ്റം വരുമെന്നും പഠനം വിശദീകരിക്കുന്നു.

Advertisement
Advertisement