സൂര്യ അഭിനയം നിറുത്തിയിരുന്നു, വിജയ്‌യുടെ സിനിമക്കായി ഞങ്ങൾ വീട്ടിലെത്തിയത് അദ്ദേഹത്തിന്റെ അച്ഛന് ഇഷ്‌ടമായില്ല

Thursday 08 August 2024 3:21 PM IST

മണിച്ചിത്രത്താഴ്, റാംജി റാവു സ്പീക്കിംഗ്, ഗോഡ്‌ഫാദർ, വിയറ്റ്‌നാം കോളനി, അനിയത്തിപ്രാവ് മലയാളത്തിലെ ഈ എവർഗ്രീൻ ഹിറ്റ് സിനിമളുടെയെല്ലാം നിർമ്മാതാവ് ഒരാളാണ്; പേര് സ്വർഗചിത്ര അപ്പച്ചൻ. തമിഴിൽ വിജയ്‌യെ നായകനാക്കി ഫ്രണ്ട്‌സ്, അഴഗിയ തമിഴ്‌മകൻ എന്നീ ചിത്രങ്ങളും അപ്പച്ചൻ ഒരുക്കിയിട്ടുണ്ട്. വിജയ്‌യുമൊത്തുള്ള അനുഭവം പങ്കുവയ‌്ക്കുകയാണ് അപ്പച്ചൻ.

''കാതലുക്ക് മര്യാദൈ എന്ന സിനിമ ചെയ്യുമ്പോഴാണ് ഞാൻ വിജയ്‌യെ പരിചയപ്പെടുന്നത്. വിജയ് അന്നൊരു കൊച്ചു പയ്യനാണ്. ഫാസിൽ സാർ എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. അനിയത്തിപ്രാവിന്റെ പ്രൊഡ്യൂസർ എന്ന നിലയിൽ അദ്ദേഹം വളരെ കാര്യമായാണ് എന്നോട് പെരുമാറിയത്. അങ്ങിനെയാണ് ഒരു തമിഴ് സിനിമ ചെയ്യാൻ ഡേറ്റ് തരാമോ എന്ന് വിജയ്‌യോട് ചോദിക്കുകയും അദ്ദേഹം സമ്മതിക്കുകയും ചെയ‌്തത്.

ഫ്രണ്ട്‌സ് എന്ന സിനിമ നിർമ്മിക്കുന്നത് അങ്ങനെയാണ്. മലയാളത്തിലെ കഥ വിജയ‌്ക്കും അദ്ദേഹത്തിന്റെ അച്ഛനും ഇഷ്‌ടപ്പെടുകയായിരുന്നു. നടൻ സൂര്യയെ പ്രോജക്‌ടിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചു. വിജയ്‌യും സൂര്യയും ഒരുമിച്ച് ലൊയോള കോളേജിൽ പഠിച്ചവരാണ്. എന്നാൽ ചില സിനിമകളുടെ പരാജയം കാരണം സൂര്യ അഭിനയം വേണ്ടെന്ന് തീരുമാനിച്ച സമയമായിരുന്നു. അഭിനയമൊക്കെ നിറുത്തി അദ്ദേഹം സിഎയ‌്ക്ക് ചേർന്നിരുന്നു.

സൂര്യയെ സിനിമയിലേക്ക് വിളിക്കാൻ ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. പക്ഷേ സൂര്യയുടെ പിതാവിന് അതത്ര ഇഷ്‌ടമായില്ല. മകൻ അഭിനയം നിറുത്തി എന്ന ചിന്തയായിരുന്നു ശിവകുമാർ സാറിന്. പക്ഷേ സൂര്യയുടെ അമ്മയ‌്ക്ക് താൽപര്യമുണ്ടായിരുന്നു. പിറ്റേന്ന് അവർ പറഞ്ഞ പ്രകാരം സൂര്യ ഹോട്ടലിൽ വന്ന് ഞങ്ങളെ കാണുകയായിരുന്നു. അങ്ങനെയാണ് സൂര്യയും വിജയ്‌‌‌യും ഒന്നിച്ചത്''.