സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഇനി യുപിഐ ഉപയോഗിക്കാം; പുതിയ പദ്ധതിയുമായി റിസർവ് ബാങ്ക്

Thursday 08 August 2024 3:31 PM IST

ന്യൂഡൽഹി: യുപിഐ പേയ്‌മെന്റുകൾക്ക് ഒരാൾക്ക് മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടും അനുവാദത്തോടെ ഉപയോഗിക്കാനുള്ള സൗകര്യം അവതരിപ്പിച്ച് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ. യുപിഐയിൽ നിലവിൽ ഉപയോക്താവിന് സ്വന്തം അക്കൗണ്ടിൽ നിന്നുള്ള പണമാണ് ഇടപാടുകൾക്ക് ഉപയോഗിക്കാനായിരുന്നത്. ഇനി മുതൽ മറ്റൊരാളുടെ അക്കൗണ്ടും അവരുടെ അനുവാദത്തോടെ പ്രയോജനപ്പെടുത്താം.

ഇതിനായി യുപിഐയിൽ ഡെലിഗേറ്റഡ് പേയ്‌മെന്റ്‌സ് സൗകര്യം കൊണ്ടുവരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. മുഖ്യ ഉപയോക്താവിന് (പ്രൈമറി യൂസർ) തന്റെ ബാങ്ക് അക്കൗണ്ടിലെ പണം മറ്റൊരാൾക്ക് (സെക്കൻഡറി യൂസർ) കൈകാര്യം ചെയ്യാൻ അനുവദിക്കാവുന്ന സൗകര്യമാണിത്. സെക്കൻഡറി യൂസർക്ക് സ്വന്തം ബാങ്ക് അക്കൗണ്ട് ആവശ്യമില്ലെന്നതാണു മറ്റൊരു പ്രത്യേകത. യുപിഐ/ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ വ്യാപകമാക്കാൻ ഇത് സഹായിക്കുമെന്ന് റിസർവ് ബാങ്ക് കരുതുന്നു. ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രം ബാങ്ക് അക്കൗണ്ടുള്ളവർക്ക് ഇത് ഏറെ പ്രയോജനകരമാകും എന്നാണ് വിലയിരുത്തൽ.

മാത്രമല്ല, യുപിഐ ഉപയോഗിച്ച് ഇനി അഞ്ച് ലക്ഷം രൂപ വരെ നികുതി അടയ്‌ക്കാം. നിലവിൽ ഒരു ലക്ഷം രൂപയായിരുന്നു പരിധി. സാധാരണ യുപിഐ ഇടപാടുകളുടെ പരിധിയിൽ മാറ്റമില്ല. അത് ഒരു ലക്ഷം രൂപയായി തുടരും. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയിലെ പരിധി നേരത്തേതന്നെ അഞ്ച് ലക്ഷമായി ഉയർത്തിയിരുന്നു.

Advertisement
Advertisement