'എംബിഎക്കാരിയാണ്', നാട്ടിൽ ജോലി കിട്ടില്ല; ഉത്ര വധക്കേസ് പ്രതിക്ക് വിദേശത്ത് പോകാൻ അനുമതി

Thursday 08 August 2024 5:47 PM IST

കൊല്ലം: ഉത്ര വധക്കേസ് പ്രതിക്ക് വിദേശത്ത് പോകാൻ ക‌ർശന ഉപാധികളോടെ അനുമതി. ഉത്രയുടെ ഭർത്താവും കേസിലെ പ്രതിയുമായ ഭർത്താവ് സൂരജിന്റെ സഹോദരി സൂര്യയ്ക്ക് തൊഴിൽ തേടി വിദേശത്ത് പോകാനാണ് പുനലൂർ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്‌ജി ആശ മറിയം മാത്യൂസ് അനുമതി നൽകിയത്. ഉത്ര കേസുമായി ബന്ധപ്പെട്ട അനുബന്ധ കേസിലെ നാലാം പ്രതിയാണ് സൂര്യ.

പിതാവ് പക്ഷാഘാതം വന്ന് കിടപ്പിലാണ്. എംബിഎ ബിരുദധാരിയായ തനിക്ക് കേസിനെത്തുടർന്ന് നാട്ടിൽ ജോലി ലഭിക്കാൻ സാദ്ധ്യതയില്ല. വിദേശത്ത് തൊഴിൽ തേ‌ടാൻ പാസ്‌പോർട്ട് എടുക്കാൻ അനുവദിക്കണം എന്നാണ് സൂര്യയുടെ ഹർജിയിൽ പറയുന്നത്. പ്രോസിക്യൂഷൻ ഹർജിയെ എതിർത്തെങ്കിലും വിശദവാദം കേട്ട കോടതി കർശന ഉപാധികളോടെ അനുമതി നൽകുകയായിരുന്നു.

തൊഴിൽ ലഭിച്ചതിന്റെ രേഖകൾ, വിദേശത്തെ താമസ സ്ഥലം, തൊഴിൽ ദാതാവിന്റെ വിവരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്നാണ് വ്യവസ്ഥ. കേസിന്റെ വിചാരണയിൽ സൂര്യയെ നേരിട്ട് ഹാജരാകുന്നതിൽ നിന്നും കോടതി ഒഴിവാക്കി. സൂര്യയ്ക്കുവേണ്ടി അഭിഭാഷകൻ അനീസ് തങ്ങൾകുഞ്ഞ് ആണ് ഹാജരായത്.

​​​​​2020 മേയ് ഏഴിന് രാവിലെ എട്ടോടെയാണ് അഞ്ചൽ ഏറം സ്വദേശിയായ ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.സ്വത്ത് തട്ടിയെടുത്ത ശേഷം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊല്ലുകയായിരുന്നു. നിർണായകമായ മൊഴി നൽകിയ പാമ്പുപിടുത്തക്കാരൻ സുരേഷിനെ മാപ്പുസാക്ഷിയാക്കി. 87 സാക്ഷികളും 288 രേഖകളും 40 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്.

2020 മേയ് 21 ന് ഉത്രയുടെ വീട്ടുകാർ മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകി. തൊട്ടടുത്ത ദിവസം റൂറൽ എസ് പി ഹരിശങ്കറിനെയും പരാതിയുമായി സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

Advertisement
Advertisement