കാമുകിക്ക് ഐഫോണ്‍ സമ്മാനിക്കണം, സ്വന്തം അമ്മയെ പറ്റിച്ച് ഒമ്പതാം ക്ലാസുകാരന്‍

Thursday 08 August 2024 8:27 PM IST
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയെ പിടികൂടിയപ്പോള്‍ ഞെട്ടി വീട്ടുകാര്‍. ഒമ്പതാം ക്ലാസുകാരനായ മകനായിരുന്നു കേസിലെ പ്രതി. തന്റെ കാമുകിയുടെ പിറന്നാള്‍ ആഘോഷിക്കാനും പെണ്‍കുട്ടിക്ക് ഐഫോണ്‍ സമ്മാനിക്കാനും പണം ആവശ്യമായിരുന്നു. ഇതിന് വേണ്ടിയാണ് കുട്ടി മോഷണം നടത്തിയത്. പൊലീസ് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ കുട്ടി തന്നെയാണ് ഇക്കാര്യങ്ങള്‍ സമ്മതിച്ച് മൊഴി നല്‍കിയത്.

തന്റെ സ്വര്‍ണാഭരണങ്ങള്‍ കാണുന്നില്ലെന്ന് കാണിച്ച് നജഫ്ഘട്ട് സ്വദേശിയായ വീട്ടമ്മ ഓഗസ്റ്റ് മൂന്നിന് പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. രണ്ട് സ്വര്‍ണ മാലകളും ഒരു മോതിരവും ഒരു ജോഡി കമ്മലും മോഷ്ടിക്കപ്പെട്ടുവെന്നാണ് വീട്ടമ്മ നല്‍കിയ പരാതി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സംശയാസ്പദമായി ഒന്നും കണ്ടില്ലെന്ന് അയല്‍വാസികളും മൊഴി നല്‍കി.

ഇതോടെ മോഷ്ടാവ് വീട്ടില്‍ത്തന്നെയുണ്ടെന്ന് പൊലീസ് സംശയിച്ചു. മോഷണം നടന്ന ദിവസം മുതല്‍ വീട്ടില്‍ നിന്ന് മകനെ കാണാനില്ലായിരുന്നു. കുട്ടിയുടെ കൂട്ടുകാരെ കണ്ട പൊലീസ് അവരില്‍ നിന്ന് ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കുട്ടി 50,000 രൂപ മുടക്കി ഒരു പുതിയ ഫോണ്‍ വാങ്ങിയിരുന്നുവെന്ന് കൂട്ടുകാര്‍ നല്‍കിയ മൊഴിയില്‍ നിന്ന് പൊലീസിന് മനസിലായി. കുട്ടിയെ അന്വേഷിച്ചിറങ്ങിയെങ്കിലും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഇതിനിടെയാണ് മകന്‍ വീട്ടിലേക്ക് മടങ്ങിവരുന്നുവെന്ന വിവരം കിട്ടിയത്. പിന്നാലെ പൊലീസ് സംഘം നിരീക്ഷണത്തിനെത്തുകയും വീടിന് സമീപത്തുവെച്ച് കുട്ടിയെ പിടികൂടുകയുമായിരുന്നു. പൊലീസിനെ കണ്ട് കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇത് ഫലംകണ്ടില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കുട്ടിയില്‍നിന്ന് ഐഫോണും കണ്ടെടുത്തു. എന്നാല്‍, ചോദ്യംചെയ്യലില്‍ താന്‍ കവര്‍ച്ച നടത്തിയിട്ടില്ലെന്നായിരുന്നു കുട്ടിയുടെ ആദ്യമൊഴി. പിന്നീട് പൊലീസ് വിശദമായി ചോദ്യംചെയ്തതോടെ കുട്ടി എല്ലാം സമ്മതിക്കുകയായിരുന്നു.

കുട്ടിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ജൂവലറി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയോട് താന്‍ പണം ആവശ്യപ്പെട്ടെങ്കിലും തരാന്‍ കൂട്ടാക്കിയില്ലെന്നും അച്ഛന്റെ മരണത്തിന് ശേഷം സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് അമ്മ ഒഴിയുകയായിരുന്നുവെന്നും കുട്ടി പൊലീസില്‍ മൊഴി നല്‍കി.

Advertisement
Advertisement