കേസിൽ കുടുക്കാതിരിക്കാൻ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങി,​ ​ ഇഡി അസിസ്റ്റന്റ് ഡയറക്ടർ അറസ്റ്റിൽ

Thursday 08 August 2024 9:05 PM IST

ന്യൂഡൽഹി : കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ജുവലറി ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറെ സി.ബി.ഐ അറസ്റ്റ് ചെയ്തു. മുംബയ് ആസ്ഥാനമായ ജുവലറി ഉടമയിൽ നിന്ന് 25 ലക്ഷം രൂപയാണ് ഇ.ഡി അസിസ്റ്റന്റ ഡയറക്ടർ സന്ദീപ് സിംഗ് യാദവ് ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ മകനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുമെന്നും സന്ദീപ് സിംഗ് ഭീഷണിപ്പെടുത്തി.

ഇതിന് പിന്നാലെയാണ് ജുവലറി ഉടമ സി.ബി.ഐയിൽ പരാതി നൽകിയത്. കൈക്കൂലി തുക 20 ലക്ഷം രൂപയായി കുറച്ച ശേഷം ഇത് കൈമാറുന്നതിനിടെയാണ് സന്ദീപ് സിംഗിനെ ഡൽഹി ല‌ജ്‌പത് നഗറിൽ വച്ച് സി.ബി.ഐ പിടികൂടിയത്. അറസ്റ്റിന് പിന്നാലെ സന്ദീപ് സിംഗിനെതിരെ എൻഫോഴ്‌സ്മെന്റ് ‌ഡയറക്ടറേറ്റും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കൂടാതെ സന്ദീപിന്റെ ഡൽഹിയിലെ വസതിയിലും ഓഫീസിലും സി.ബി.ഐയും ഇ.ഡി ഉദ്യോഗസ്ഥരും റെയ്‌ഡ് നടത്തി.

മുൻപ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിൽ പ്രവർത്തിച്ചിരുന്ന സന്ദീപ് സിംഗ് യാദവ് കഴിഞ്ഞ മേയിലാണ് ഇ.ഡിയിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമിതനായത്.

Advertisement
Advertisement