മുതിർന്ന സി.പി.എം നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടചാര്യ അന്തരിച്ചു

Friday 09 August 2024 4:06 AM IST

ന്യൂഡൽഹി: മുതിർന്ന സി.പി.എം നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി വാർദ്ധക്യ സഹജമായ അസുഖങ്ങൾ അലട്ടിയിരുന്നു. ഇന്നലെ രാവിലെ 9.30ന് നില വഷളായി അന്ത്യം സംഭവിക്കുകയായിരുന്നു.

കൊൽക്കത്ത അലിമുദ്ദീൻ സ്‌ട്രീറ്റിലെ സി.പി.എം ആസ്ഥാനത്ത് പൊതുദർശനത്തിന് ശേഷം ഇന്ന് സംസ്‌കരിക്കും. ഭാര്യ: മീര, മകൾ: സുചേതന.

കഴിഞ്ഞ വർഷം ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. മുഖ്യമന്ത്രിയായി ദീർഘകാലം താമസിച്ച പാം അവന്യൂവിലെ രണ്ട് കിടപ്പുമുറികളുള്ള ഫ്ലാറ്റിലായിരുന്നു അന്ത്യം. അവയവങ്ങൾ ദാനം ചെയ്യും.


2000 മുതൽ 2011 വരെ ബംഗാൾ മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്നു ബുദ്ധദേവ്. സി.പി.എമ്മിലെ അതികായൻ ജ്യോതിബസുവിന്റെ പിൻഗാമിയായാണ് മുഖ്യമന്ത്രിയായത്. 2011 ലെ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ചരിത്ര വിജയം നേടിയപ്പോൾ സംസ്ഥാനത്ത് 34 വർഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ച് പടിയിറങ്ങിയ അവസാന മുഖ്യമന്ത്രിയുമായി. 2001, 2006 തിരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിനെ വിജയിപ്പിച്ച ബുദ്ധദേവിന് സർക്കാർ നടപ്പാക്കിയ വ്യവസായ നയങ്ങളും സിംഗൂരിലും നന്ദിഗ്രാമിലും നടത്തിയ ഭൂമി ഏറ്റെടുക്കലുകളും തിരിച്ചടിയായി.

1977ൽ കോസിപ്പൂർ ബെൽഗാച്ചിയയിൽ നിന്ന് നിയമസഭാംഗമായി. 1977-82ൽ മന്ത്രിയായി. 1982ൽ പരാജയപ്പെട്ട ശേഷം കേന്ദ്ര നേതൃത്വത്തിലേക്ക്. 1987ൽ ജാധവപൂരിൽ ജയിച്ച് വീണ്ടും നിയമസഭയിൽ. 2011വരെ നിയമസഭാംഗം. 1999ൽ ഉപമുഖ്യമന്ത്രിയും 2000ൽ മുഖ്യമന്ത്രിയും. മുഖ്യമന്ത്രി പദം രാജിവച്ച ശേഷം വിശ്രമ ജീവിതം. എങ്കിലും 2015വരെ പിബിയിൽ തുടർന്നു. 2022ൽ എൻ.ഡി.എ സർക്കാർ പ്രഖ്യാപിച്ച പദ്‌മഭൂഷൺ നിരസിച്ചു. സാഹിത്യം, സിനിമ, നാടകം എന്നിവയോട് അഭിനിവേശം പുലർത്തി. കവിയും നാടകകൃത്തും എഴുത്തുകാരനുമായിരുന്നു. പാർട്ടിയോടുള്ള ബുദ്ധദേവിന്റെ സമർപ്പണവും പങ്കിട്ട ആദർശങ്ങളും ദീർഘവീക്ഷണവും തങ്ങൾക്ക് വഴികാട്ടിയാണെന്ന് സി.പി.എം ജനറൽ സെക്രട്ടി സീതാറാം യെച്ചൂരി പറഞ്ഞു.

Advertisement
Advertisement