മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ യുവതി പിടിയിൽ

Friday 09 August 2024 1:35 AM IST
റസീന ബീവി

ആറ്റിങ്ങൽ: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ യുവതിയെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു.മണമ്പൂർ തൊട്ടിക്കല്ല് ലക്ഷം വീട് 412ൽ റസീന ബീവിയാണ് (46) അറസ്റ്റിലായത്.ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 916 ഹാൾമാർക്ക് പതിച്ച മൂന്ന് വളകൾ പണയം വച്ച് 12,0000 രൂപയാണ് കൈക്കലാക്കിയത്. 2023 ഒക്ടോബറിലായിരുന്നു സംഭവം. പണയം തിരിച്ചെടുക്കാതെ വന്നതോടെ സ്ഥാപനയുടമ നടത്തിയ പരിശോധനയിലാണ് വളകൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്.റസീന വ്യാജ തിരിച്ചറിയൽ രേഖയാണ് സ്ഥാപനത്തിൽ നൽകിയിരുന്നത്.തുടർന്ന് ഉടമ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി.

ആറ്റിങ്ങൽ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ഗോപകമാർ.ജിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ ജിഷ്ണു.എം.എസ്,സജിത്ത്,ഗ്രേഡ് എ.എസ്.ഐ സഫീജ,എസ്.സി.പി.ഒമാരായ ശരത്കുമാർ,വിഷ്ണുലാൽ,പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ആറ്റിങ്ങൽ,കടയ്ക്കാവൂർ,ചിറയിൻകീഴ്,കല്ലമ്പലം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള 30ഓളം കേസുകൾ റസീനയ്ക്കെതിരെയുണ്ട്. പാറശാല സ്വദേശിയുമായി ചേർന്നാണ് യുവതിയടങ്ങുന്ന ഒരു സംഘം ഇത്തരത്തിൽ മുക്കുപണ്ടം നിർമ്മിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിൽ കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകും.

Advertisement
Advertisement