ഗുസ്തി ജയിച്ചു, ഞാൻ തോറ്റു, വിട... വിനേഷ് ഫോഗട്ട് വിരമിച്ചു
പാരീസ് : 'ഗുസ്തി' ജയിച്ചു, വിനേഷ് തോറ്റു. 100 ഗ്രാം ഭാരം കൂറിയതിന്റെ പേരിൽ ഇന്ത്യൻ കായിക ചരിത്രത്തിൽ നഷ്ടനായികയായി മാറിയ വിനേഷ് ഫോഗട്ടിന് കായികരംഗം മതിയായി. വിരമിക്കൽ പ്രഖ്യാപിച്ചു. ഒരു ഇതിഹാസ കായിക താരത്തിന്റെ മഹാസ്വപ്നമായ ഒളിമ്പിക് മെഡൽ കപ്പിനും ചുണ്ടിനും ഇടയിൽ നിയമത്തിന്റെ നൂലാമാലയിൽ കുടുങ്ങി പൊലിഞ്ഞു. വനിതാ താരങ്ങളുടെ ആത്മാഭിമാനത്തിനു വേണ്ടി മേലാളന്മാർക്കെതിരെ തെരുവിൽ കണ്ണീരൊഴുക്കി പോരാടിയ പെൺകരുത്തിന് ഇനി ഒരു ഒളിമ്പിക്സിന് ബാല്യം ഇല്ല. അത് തിരിച്ചറിഞ്ഞാണ് പാരീസ് ഒളിമ്പിക്സ് വില്ലേജിൽ ഫോഗട്ടിന്റെ വിരമിക്കൽ പ്രഖ്യാപനം.
ഭാര പരിശോധനയിൽ തൂക്കം കുറയ്ക്കാനുള്ള തീവ്ര വ്യായാമങ്ങളിൽ ക്ഷീണിതയായി ഗെയിംസ് വില്ലേജിലെ ആശുപത്രിയിലായിരുന്ന വിനേഷ് ഇന്നലെ സോഷ്യൽ മീഡിയ സന്ദേശത്തിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
'' അമ്മേ, എനിക്കെതിരായ മത്സരത്തിൽ ഗുസ്തി ജയിച്ചു, ഞാൻ തോറ്റു.. ക്ഷമിക്കൂ, നിങ്ങളുടെ സ്വപ്‌നങ്ങളും എന്റെ ധൈര്യവും തകർന്നു. ഇനിയെനിക്ക് ശക്തിയില്ല. വിട, ഗുസ്തി 2001-2024. എല്ലാവരോടും ഞാൻ എന്നും കടപ്പെട്ടിരിക്കും. ക്ഷമിക്കൂ"- വിനേഷ് എക്സിൽ കുറിച്ചു.
കഴിഞ്ഞ കൊല്ലം വരെ താൻ മത്സരിച്ചിരുന്ന 53 കിലോ വിഭാഗത്തിൽ ഇക്കുറി മറ്റൊരു താരം ഒളിമ്പിക് യോഗ്യത നേടിയതിനാൽ 50 കിലോയിലാണ് ഒളിമ്പിക്സിൽ മത്സരിക്കാനിറങ്ങിയത്.
ആദ്യ അപ്പീൽ തള്ളി
അയോഗ്യയ്തക്ക് എതിരെ വിനേഷ് അന്താരാഷ്ട്ര കായിക കോടതിയിൽ സമർപ്പിച്ച രണ്ട് അപ്പീലുകളിൽ ആദ്യത്തേത് തള്ളി. തന്നെ ഫൈനലിൽ മത്സരിക്കാൻ അനുവദിക്കണമെന്നായിരുന്നു ആദ്യ അപ്പീൽ. പാരീസിലെ നാല് അഭിഭാഷകരുടെ പാനലാണ് വിനേഷിന് വേണ്ടി ഓൺലൈനായി വാദിച്ചത്. തുടർന്ന് സെമി ജയിച്ചപ്പോൾ താൻ അയോഗ്യയായിരുന്നില്ലെന്നും അതിനാൽ വെള്ളി പങ്കുവയ്ക്കണമെന്നുമുള്ള അപ്പീലിൽ വാദം തുടങ്ങി. ഇതിന്റെ വിധി വരും ദിവസങ്ങളിലേ ഉണ്ടാകൂ എന്ന് അറിയുന്നു. ഹരീഷ് സാൽവേ ഉൾപ്പടെ ഇന്ത്യൻ അഭിഭാഷകരെ വിനേഷിന് വേണ്ടി ഏർപ്പാടാക്കാനും ശ്രമമുണ്ട്.