വെങ്കല വീരഗാഥ വീണ്ടും, പാരീസ് ഒളിമ്പിക്സിലും ഇന്ത്യയ്ക്ക് ഹോക്കി വെങ്കലം

Friday 09 August 2024 4:32 AM IST

വെങ്കലത്തിനായുള്ള മത്സരത്തിൽ സ്‌പെയ്നിനെ കീഴടക്കിയത് 2-1ന്

പാരീസ് : പ്രതാപകാലത്തിന്റെ ഓർമ്മകളുണർത്തി തുടർച്ചായ രണ്ടാം ഒളിമ്പിക്സിലും വെങ്കല മെഡൽ സ്വന്തമാക്കി ഇന്ത്യൻ പുരുഷ ഹോക്കി ടീം. ഇന്നലെ വെങ്കലത്തിനായുള്ള മത്സരത്തിൽ യൂറോപ്യൻ കരുത്തന്മാരായ സ്പെയ്നിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. പാരീസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ നാലാമത്തെ വെങ്കലമെഡലാണിത്.

മത്സരത്തിൽ ആദ്യം ഗോളടിച്ച് ഇന്ത്യയെ സ്പെയ്ൻ വിരട്ടിയെങ്കിലും മൂന്ന് മിനിട്ടിന്റെ ഇടവേളയിൽ നായകൻ ഹർമൻപ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ടു ഗോളുകളും നേടിയത്. 18-ാം മിനിട്ടിൽ നായകൻ മാർക്ക് മിറാലസാണ് സ്പെയ്നിനെ മുന്നിലെത്തിച്ചിരുന്നത്. 30,33 മിനിട്ടുകളിൽ പെനാൽറ്റി കോർണറുകളിൽ നിന്നായിരുന്നു ഹർമൻപ്രീതിന്റെ ഗോളുകൾ. കഴിഞ്ഞ ദിവസം സെമിഫൈനലിൽ ജർമ്മനിയോട് തോറ്റതോടെയാണ് ഇന്ത്യ വെങ്കലത്തിനായുള്ള മത്സരത്തിന് ഇറങ്ങിയത്. ടോക്യോ ഒളിമ്പിക്സിലും ഇന്ത്യ ഹോക്കിയിൽ വെങ്കലം നേടിയിരുന്നു.

ശ്രീജേഷിന്റെ രണ്ടാംമെഡൽ

ഇന്ത്യൻ കുപ്പായത്തിൽ അവസാന മത്സരത്തിനിറങ്ങിയ മലയാളി ഗോൾ കീപ്പർ പി.ആർ ശ്രീജേഷ് മികച്ച സേവുകളുമായി രണ്ട് ഒളിമ്പിക് മെഡലുകളിൽ മുത്തമിടുന്ന ആദ്യ മലയാളിയായി. ഇത് തന്റെ അവസാന അന്താരാഷ്ട്ര ടൂർണമെന്റാണെന്ന് ഒളിമ്പിക്സിന് മുമ്പ് പ്രഖ്യാപിച്ച ശ്രീജേഷ് ആദ്യ മത്സരം മുതൽ അവസാന മത്സരം വരെ മിന്നുന്ന ഫോമിലായിരുന്നു. ഓസ്ട്രേലിയയ്ക്കും ബ്രിട്ടനും എതിരായ മത്സരങ്ങളിലെ ശ്രീജേഷിന്റെ മികവാണ് ഇന്ത്യയെ മുന്നോട്ടു നയിച്ചത്. ബ്രിട്ടനെതിരായ പെനാൽറ്റി ഷൂട്ടൗട്ടിലെ പ്രകടനം അവിസ്മരണീയമായിരുന്നു.

13

ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ നേടുന്ന 13-ാമത്തെ മെഡലും നാലാമത്തെ വെങ്കലവുമാണിത്. എട്ട് തവണ സ്വർണം നേടിയ പാരമ്പര്യമുള്ള ടീമാണ് ഇന്ത്യ. ഒരു തവണ വെള്ളി നേടി. 1968,1972,2020 ഒളിമ്പിക്സുകളിലാണ് ഇതിന് മുമ്പ് വെങ്കലം നേടിയത്.

Advertisement
Advertisement