അഡ്മിഷൻ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ

Friday 09 August 2024 1:36 AM IST

കരമന : വിവിധ കോളേജുകളിൽ അഡ്മിഷൻ വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് വിദ്യാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവിനെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പൂവത്തൂർ സ്വദേശി നിസാമി(39)നെയാണ് ഫോർട്ട് എ.സി.പിയുടെ നിർദ്ദേശപ്രകാരം തമ്പാനൂർ സി.ഐ ശ്രീകുമാർ വി.എം അറസ്റ്റ് ചെയ്തത്. തൈക്കാട് കേന്ദ്രീകരിച്ച് ഇയാളുടെ മാസ്ക് പില്ല‌ർ എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിലൂടെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ കോളേജുകളിൽ അഡ്മിഷൻ വാങ്ങി നൽകാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. 2022ൽ ചെമ്പഴന്തി സ്വദേശിയുടെ മകന് യെനേ പോയെ (YENE POYE) കോളേജിൽ ബി.സി.എ കോഴ്സിന് അഡ്മിഷൻ വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ഡൊണേഷനും ഫീസും അടയ്ക്കാനെന്നപേരിൽ 1,80,000 രൂപ വാങ്ങി പറ്റിച്ചു. 2023 ഏപ്രിൽ 12ന് നെടുമങ്ങാട് സ്വദേശിയെ ഫോണിൽ ബന്ധപ്പെട്ട് ബാംഗ്ലൂരിലെ കോളേജിൽ ബി.ബി.എ ഏവിയേഷന് അഡ്മിഷൻ വാങ്ങി നൽകാമെന്നു പറഞ്ഞ് 3,50,000 രൂപയും കുലശേഖരം മൂകാംബിക മെഡിക്കൽ കോളേജിൽ അഡ്മിഷൻ വാങ്ങാമെന്നു പറഞ്ഞ് അയിരൂപ്പാറ സ്വദേശിയിൽ നിന്ന് 3.50,000 രൂപയും പറ്റിക്കുകയായിരുന്നു.

Advertisement
Advertisement