 ശബരി റയിൽപ്പാത കേരളത്തിന്റെ നിസഹകരണം കാരണം വൈകുന്നു:കേന്ദ്രമന്ത്രി

Friday 09 August 2024 4:43 AM IST

ന്യൂഡൽഹി: അങ്കമാലി-എരുമേലി ശബരി റയിൽപ്പാത കേരള സർക്കാരിന്റെ നിസഹകരണം കാരണം വൈകുകയാണെന്നും അതിനാൽ ചെങ്ങന്നൂർ-പമ്പ (75കി.മീ) പുതിയ പാതയുടെ സാദ്ധ്യതകൾ പരിശോധിക്കാൻ സർവേയ്‌ക്ക് അനുമതി നൽകിയെന്നും ആവർത്തിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ്. പാർലമെന്റിൽ കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഹാരിസ് ബീരാൻ എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശബരിപ്പാത നടപ്പാക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം.പിമാർ കഴിഞ്ഞദിവസം മന്ത്രിക്ക് നിവേദനവും നൽകിയിരുന്നു.

ചെങ്ങന്നൂർ-പമ്പ റൂട്ടിൽ പുതിയ പദ്ധതിക്കായി നിർദ്ദേശം വന്നുവെന്നും അന്തിമ ലോക്കേഷൻ സർവേയ്‌ക്ക് അനുമതി നൽകിയെന്നും മുമ്പ് നടത്തിയ പത്രസമ്മേളനത്തിലും മന്ത്രി പറഞ്ഞിരുന്നു. അതേസമയം ശബരിപ്പാത ഉപേക്ഷിച്ചതായി മന്ത്രി പറഞ്ഞിട്ടില്ല.

1997-98 ബഡ‌്ജറ്റിൽ പ്രഖ്യാപിച്ച ശേഷം അങ്കമാലി നിന്നും കാലടിവഴി പെരുമ്പാവൂർ വരെയുള്ള 17കിലോമീറ്റർ സ്ഥലമേറ്റെടുപ്പ് ആരംഭിച്ചെന്നും പൊതുജന പ്രക്ഷോഭവും കേസും കാരണം പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ തയ്യാറാക്കിയ പുതുക്കിയ 3,726.95 കോടിയുടെ എസ്റ്റിമേറ്റ് കഴിഞ്ഞ ഡിസംബറിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനായി നൽകി. ഭൂമി ഏറ്റെടുക്കൽ വിഷയത്തിലടക്കം സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ പദ്ധതി പൂർത്തിയാക്കണമെന്നാണ് റെയിൽവേയുടെ നിലപാട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ മറുപടി പറഞ്ഞിട്ടില്ല.

കേരളത്തിലെ പ്രധാനപ്പെട്ട റെയിൽവേ വികസന പദ്ധതികളെല്ലാം ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാലതാമസം കാരണം മുടങ്ങിയെന്ന ആക്ഷേപവും മന്ത്രി ആവർത്തിച്ചു. റെയിൽവേ വികസനത്തിന് വേണ്ട 459.54 ഹെക്ടർ ഭൂമിയിൽ 62.83 ഹെക്ടർ ഭൂമി മാത്രമാണ് ഇതുവരെ ഏറ്റെടുത്തത്.

Advertisement
Advertisement