ഒളിവിലായിരുന്ന കോട്ടയം ലഹരിക്കേസ് പ്രതി പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു

Friday 09 August 2024 1:21 AM IST

ആലുവ: കോട്ടയത്ത് വാടക വീട്ടിൽ പൊലീസിനു നേരെ വളർത്തുനായയെ അഴിച്ചുവിട്ട് രക്ഷപ്പെട്ട ലഹരിക്കേസ് പ്രതി ആലുവ എടയപ്പുറത്ത് ഒളിവിൽ താമസിക്കാനെത്തിയ വീട്ടിൽ നിന്ന് പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. മുഖ്യപ്രതി സൂര്യന് (24) ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയ മാതാവും കോട്ടയം നഗരസഭ മുൻ കൗൺസിലറുമായ രേഖ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ കൂട്ടാളികളെന്ന് സംശയിക്കുന്ന നാല് യുവാക്കളെയും രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. എടയപ്പുറം മനക്കത്താഴം കവലയ്ക്ക് സമീപം ഒരു മാസമായി വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്ന യുവദമ്പതികളുടെ വീട്ടിലാണ് കോട്ടയം ഗാന്ധിനഗർ പൊലീസ് ചൊവ്വാഴ്ച്ച രാത്രി രജിസ്റ്റർ ചെയ്ത ലഹരിക്കേസിലെ പ്രതി സൂര്യനും മാതാവ് രേഖയുമെത്തിയത്. ഇവർക്കൊപ്പം മറ്റൊരു കാറിൽ നാല് യുവാക്കളും എത്തി. പിന്നാലെയെത്തിയ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് വീടുവളഞ്ഞ് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിന്നിലൂടെ ഓടി രക്ഷപ്പെട്ടത്.

രേഖയെ അറസ്റ്റ് ചെയ്യുന്നത് വീട്ടിലുണ്ടായിരുന്ന ദമ്പതികൾ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആലുവയിൽ നിന്ന് വനിത പൊലീസിനെ വിളിച്ചുവരുത്തി മാതാവിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ആലുവ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കാറിലെത്തിയ യുവാക്കളെയും കോട്ടയം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വാഗമണ്ണിൽ വിനോദയാത്രക്ക് പോകാനെന്ന പേരിലാണ് മുഖ്യപ്രതി തങ്ങളെ എടയപ്പുറത്തേക്ക് വിളിച്ചുവരുത്തിയതെന്നാണ് കാറിലുണ്ടായിരുന്നവർ പൊലീസിന് മൊഴി നൽകിയത്.

മുഖ്യപ്രതിയും മാതാവും എടയപ്പുറത്തെത്തിയ ഇന്നോവ കാർ ലോറിയിൽ കയറ്റി ആലുവ പൊലീസ് സ്റ്റേഷനിലേക്ക് നീക്കി. സൂര്യന്റെ കോട്ടയത്തെ വാടക വീട്ടിൽ നിന്ന് കാൽ കിലോ കഞ്ചാവും ആറ് ഗ്രാം എം.ഡി.എം.എയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ. കഞ്ഞിക്കുഴി ഭാഗത്ത് സ്വന്തം വീടുണ്ടായിട്ടും വാടക വീട്ടിൽ തനിച്ച് താമസിക്കുന്നത് ലഹരി ഇടപാടിനാണെന്നാണ് പൊലീസിന് ലഭിച്ച സൂചന.

വാടക വീട്ടിൽ താമസിക്കുന്നവർക്ക് കേസിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് റെയ്ഡിന് നേതൃത്വം നൽകിയ സ്ക്വാഡ് എസ്.ഐ എസ്. അജിത്ത് 'കേരളകൗമുദി"യോട് പറഞ്ഞു.

Advertisement
Advertisement